ലോകത്തെ ചേര്‍ത്തു പിടിച്ചവരെ, അതിജീവനത്തിനു കരുത്തേകുന്നവരെ ഓര്‍ക്കാം, ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം


ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. വിളക്കേന്തിയ വനിതയെന്ന് ലോകം വിളിച്ച ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനം. ഫ്ളോറന്‍സ് നൈറ്റിംഗേല്‍ എന്ന മാലാഖയോടുള്ള ആദരസൂചകമായിട്ടാണ് അവരുടെ ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്.

കൊവിഡിനെതിരായ യുദ്ധം ദിവസങ്ങളും മാസങ്ങളും പിന്നിട്ട് മുന്നോട്ട് പോകുമ്പോഴും പതറാതെ നിര്‍ഭയം പിടിച്ചു നില്‍ക്കുന്നവരാണ് ഇന്ന് നഴ്സുമാര്‍. പരാതികളൊന്നുമില്ലാതെ കൊവിഡ് കിടക്കയില്‍ തനിച്ചായിപ്പോയവര്‍ക്ക് സ്വാന്തനമാവുന്നവര്‍, സ്വയം രോഗിയായേക്കാവുന്ന സാഹചര്യത്തിലും മരണത്തില്‍ നിന്ന് രോഗികളെ കൈപിടിച്ചുയര്‍ത്തുന്നവര്‍

കൊവിഡ് സേവനത്തിനിടെ രാജ്യത്ത് ജീവന്‍ നഷ്ടമായത് 90 നേഴ്സുമാര്‍ക്കാണ്. ആതുര സേവനത്തിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ലിനി ഉള്‍പ്പെടെയുള്ള നഴ്‌സുമാരെ ഓര്‍ക്കാതെ ഒരു നഴ്‌സസ് ദിനവും ആചരിക്കാനാവില്ല. നിപ്പ ലിനിയുടെ ജീവനെടുത്തപ്പോള്‍ കൊവിഡില്‍ ജീവന്‍ പൊലിഞ്ഞ നഴ്‌സുമാരുടെ വേര്‍പാടും ഈ നഴ്‌സസ് ദിനത്തില്‍ നൊമ്പരമാവുകയാണ്.
കൊവിഡിന്റെ ഭീകരത ഇല്ലാതാക്കിയ മകളുടെ ഓര്‍മകളുമായി ജീവിക്കുന്ന അമ്മയുണ്ട് ബാലുശ്ശേരിയില്‍. കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസമാണ് ഒമാനില്‍ ജോലി ചെയ്യുകയായിരുന്ന സിസ്റ്റര്‍ രമ്യ ലോകത്തോട് വിട പറഞ്ഞത്. ഏഴുമാസം ഗര്‍ഭിണിയായ രമ്യയുടെ കുഞ്ഞിനെയും കാത്തിരുന്ന ആ കുടുംബം ഇന്ന് കാത്തിരിക്കുന്നത് കെട്ടിപ്പൊതിഞ്ഞ മകളുടെ മൃതശരീരമാണ്.

നാം കടപ്പെട്ടിരിക്കണം, കരുതലാവുന്ന കൈകളാവരുടേത്, കനിവേകുന്ന കണ്ണുകളാണവര്‍ക്ക്, ചേര്‍ത്തു പിടിക്കുന്നത് അവരാണ്. എന്നും എപ്പോഴും കടപ്പെട്ടിരിക്കണം. മാലാഖമാര്‍ തന്നെയാണ്, ലോകത്തെ സംരക്ഷിക്കുന്ന മാലാഖമാര്‍.