ലോകകപ്പിനു മുന്‍പേ ഞെട്ടിച്ച് കോലി; മത്സരത്തിന് ശേഷം ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും
ദുബായ്: ട്വന്റി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയുമെന്ന് വിരാട് കോലി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സുദീര്‍ഘമായ കുറിപ്പിലാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി കോലി വ്യക്തമാക്കിയത്. അതേസമയം, ഇന്ത്യന്‍ ട്വന്റി20 ടീമില്‍ ബാറ്റ്‌സ്മാനായി തുടരുമെന്നും കോലി വ്യക്തമാക്കി. ട്വന്റി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെങ്കിലും ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായി കോലി തുടരും. മഹേന്ദ്ര സിങ് ധോണിയുടെ പിന്‍ഗാമിയായി 2017ലാണ് കോലി ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്ത് എത്തിയത്. കോലിക്കു പകരം രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്.
കോലി ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി കഴിഞ്ഞ ദിവസം മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ട്വന്റി20 ലോകകപ്പിനുശേഷം രോഹിത് ശര്‍മ നായകസ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഇതിന് സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് വിരാട് കോലി തന്നെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി അറിയിച്ചത്.
2017ല്‍ മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് വിരാട് കോലി തല്‍സ്ഥാനത്തെത്തുന്നത്. വിവിധ ഫോര്‍മാറ്റുകളില്‍ കോലിക്കു കീഴില്‍ മികച്ച പ്രകടനം നടത്തുമ്പോഴും പ്രധാനപ്പെട്ട ഐസിസി ടൂര്‍ണമെന്റുകളിലൊന്നും ടീമിന് കിരീടം സമ്മാനിക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനാണെങ്കിലും അവിടെയും ഇതുവരെ കിരീടം നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല.
അതേസമയം, ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് നായകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് രോഹിത് ശര്‍മയ്ക്കുള്ളത്. രോഹിത്തിനു കീഴിലാണ് 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ജേതാക്കളായത്. ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയിലും രോഹിത്തിന് മികച്ച റെക്കോര്‍ഡാണുള്ളത്. കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച 10 ഏകദിനങ്ങളില്‍ എട്ടിലും വിജയം. ഇതിനു പുറമേ ഏഷ്യാകപ്പ് കിരീടവും ചൂടി. 18 ട്വന്റി20 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് 15 വിജയങ്ങള്‍ സമ്മാനിച്ചു. ഇതിനു പുറമേ 2018ലെ നിദാഹാസ് ട്രോഫിയിലും ടീമിനെ ജേതാക്കളാക്കി.
?? ❤️ pic.twitter.com/Ds7okjhj9J
— Virat Kohli (@imVkohli) September 16, 2021
കോലിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കഴിവിനൊത്ത് നയിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായുള്ള യാത്രയില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ഇന്ത്യന്‍ ടീമംഗങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും സിലക്ഷന്‍ കമ്മിറ്റിയുടെയും പരിശീലകരുടെയും ഈ ടീമിന്റെ വിജയത്തിനായി പ്രാര്‍ഥിച്ച നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ ഇല്ലാതെ മികച്ച പ്രകടനം നടത്തുക സാധ്യമായിരുന്നില്ല.
ജോലിഭാരം ക്രമീകരിക്കുന്നത് കരിയറില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ 8-9 വര്‍ഷമായി മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ താരമെന്ന നിലയിലും 5-6 വര്‍ഷമായി ക്യാപ്റ്റനെന്ന നിലയിലും വലിയ ജോലിഭാരമാണ് ഞാന്‍ അനുഭവിക്കുന്നത്. ഇനിയങ്ങോട്ട് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഞാന്‍ ജോലിഭാരം ക്രമീകരിക്കേണ്ടതുണ്ടെന്ന് കരുതുന്നു. ട്വന്റി20 ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ സാധ്യമായതെല്ലാം ഞാന്‍ ഇന്ത്യന്‍ ടീമിനായി ചെയ്തിട്ടുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയില്‍ എന്റെ കഴിവിന്റെ പരമാവധി തുടര്‍ന്നും ചെയ്യും.
റോണോയുടെ ഷോട്ടില്‍ വനിതാ ഗാര്‍ഡ് നിലത്ത്; വേദന മറക്കാന്‍ ജഴ്‌സി സമ്മാനം!
‘ശരിയാണ്, ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ ഒരുപാട് സമയമെടുത്തു. നീണ്ട വിചിന്തനത്തിനും ഉറ്റ സുഹൃത്തുക്കളുമായുള്ള ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. നേതൃസംഘത്തിന്റെ ഭാഗങ്ങളായ രവി ഭായിയോടും (മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി) രോഹിത്തിനോടും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബറില്‍ യുഎഇയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഞാന്‍ രാജിവയ്ക്കുകയാണ്. ഇതേക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ക്കൊപ്പം എല്ലാ സിലക്ടര്‍മാരുമായും സംസാരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെയും ക്രിക്കറ്റ് ടീമിനേയും എന്റെ കഴിവിന്റെ പരമാവധി സേവിക്കുന്നത് ഇനിയും തുടരും