ലൈസന്‍സ് ലഭിക്കാന്‍ ഡ്രൈവിങ് കോഴ്‌സ്; കരട് വിജ്ഞാപനമായി
കൊയിലാണ്ടി: ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ അംഗീകൃത ഡ്രൈവര്‍ ട്രെയിനിങ് സെന്ററുകളില്‍നിന്ന് കോഴ്സ് പൂര്‍ത്തിയാക്കണമെന്ന തീരുമാനത്തിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങി. നിലവിലുള്ള സംവിധാനം ഉടന്‍ പിന്‍വലിക്കാത്തതിനാല്‍ ഡ്രൈവിങ് സ്‌കൂളുകളെ തത്കാലം ബാധിക്കില്ല. ലൈസന്‍സ് ലഭിക്കാന്‍ ആര്‍.ടി. ഓഫീസില്‍ നല്‍കേണ്ട രേഖകളില്‍ ഡ്രൈവിങ് കോഴ്സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന വിധത്തിലുള്ള ഭേദഗതിയായിരിക്കും വരിക. ലേണേഴ്സ് ലൈസന്‍സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, ഫീസ് തുടങ്ങിയവ നിലനിര്‍ത്തും.
ഡ്രൈവിങ് ട്രെയിനിങ് സെന്ററുകള്‍ എങ്ങനെയായിരിക്കണമെന്നും എന്തെല്ലാമാണ് പഠിപ്പിക്കേണ്ടതെന്നും സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടം ഭേദഗതി ചെയ്യാനാണിത്. ജനങ്ങള്‍ക്ക് പരാതികളും നിര്‍ദേശങ്ങളും നല്‍കാന്‍ ഒരുമാസം സമയമുണ്ട്.
വിപുലമായ സിലബസ്
ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 29 മണിക്കൂറും ഹെവി വാഹനങ്ങള്‍ക്ക് 38 മണിക്കൂറുമാണ് ക്ലാസ്. തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഡ്രൈവിങ് തിയറി, ഗതാഗത വിദ്യാഭ്യാസം, വാഹനത്തിന്റെ അടിസ്ഥാന യന്ത്ര അറിവ്, പബ്ലിക് റിലേഷന്‍, പ്രഥമശുശ്രൂഷ, ഇന്ധനക്ഷമത തുടങ്ങിയവയാണ് തിയറി ക്ലാസില്‍ പൊതുവായുള്ളത്.
ഹെവി വാഹനങ്ങളുടെ കാര്യത്തില്‍ തിയറിയില്‍ എയ്ഡ്സ്, ലഹരി, മദ്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം, വാഹന റിപ്പയര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര, ഗ്രാമ റോഡുകളില്‍ പ്രാക്ടിക്കല്‍ പരിശീലനത്തിന് കൂടുതല്‍ സമയം കൊടുക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
12ാം ക്ലാസ് ജയിച്ച, അഞ്ചുവര്‍ഷം ഡ്രൈവിങ് പരിചയമുള്ളവര്‍ക്ക് ട്രെയിനിങ് സെന്റര്‍ തുടങ്ങാന്‍ അനുമതി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. തുടങ്ങുന്ന ആളിനോ ജീവനക്കാരനോ മോട്ടോര്‍ മെക്കാനിക്സില്‍ കഴിവ് തെളിയിച്ച സര്‍ട്ടിഫിക്കറ്റ് വേണം. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റിന് മുന്‍ഗണന ലഭിക്കും.
ട്രെയിനിങ് സെന്ററിന് സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി നിര്‍ബന്ധം. രണ്ട് ക്ലാസ് മുറി വേണം. കംപ്യൂട്ടര്‍, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി, ബയോമെട്രിക് അറ്റന്‍ഡന്‍സ് എന്നിവ വേണം. കയറ്റിറക്കം അടക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിങ് ട്രാക്ക് ഉണ്ടാവണം. വര്‍ക് ഷോപ്പ് നിര്‍ബന്ധം. സെന്ററിന്റെ അനുമതി അഞ്ചുകൊല്ലം കൂടുമ്പോള്‍ പുതുക്കണം.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക