ലൈഫ് ഭവനപദ്ധതി; നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ അടിയന്തര ഇടപെടലിന് നിര്‍ദേശം


കോഴിക്കോട്: ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടും വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍ക്കായി പ്രാദേശികതലത്തില്‍ അടിയന്തര ഇടപെടലിന് നിര്‍ദേശം. കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തിലാണ് തീരുമാനം.

ആദ്യഘട്ടത്തില്‍ പണമനുവദിച്ചിട്ടും പണി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത 167 വീടുകളാണ് ജില്ലയിലുള്ളത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പലര്‍ക്കും വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞത്. ഇവര്‍ക്കായി പ്രാദേശികതലത്തില്‍ സഹായസമിതികള്‍ രൂപീകരിച്ച് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി.

നടപ്പുവര്‍ഷ പദ്ധതികളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍, ഇത്തവണത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്ന പ്രവൃത്തികള്‍ ഈ വര്‍ഷവും മറ്റുള്ളവ അടുത്ത വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്താനും കലക്ടര്‍ സാംബശിവറാവു നിര്‍ദേശിച്ചു.

ജില്ലയിലെ 15 അങ്കണവാടികള്‍ മാതൃകാ അങ്കണവാടികളായി നവീകരിക്കും. എനേബ്ലിങ് കോഴിക്കോടിന്റെ ഭാഗമായി ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കല്‍, മോഡല്‍ ബഡ്സ് സ്‌കൂള്‍ ആരംഭിക്കല്‍, ‘ഉയരാം ഒന്നിക്കാം’ പദ്ധതി തുടങ്ങിയവ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ഫണ്ടുകള്‍ സമാഹരിച്ച് ഫലപ്രദമായി നടപ്പാക്കാനും തീരുമാനമായി. ക്രാഡില്‍ പദ്ധതി മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പിലാക്കാനുള്ള നിര്‍ദേശവും യോഗത്തിലുയര്‍ന്നു.

 

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക