‘ലാസ്യലയം കൊണ്ട് ഹൃദ്യവും കേരളത്തനിമ കൊണ്ട് സമ്പന്നവുമായ സ്ത്രീപക്ഷ കലാരൂപം’; വേറിട്ട അനുഭവമായി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ തിരുവാതിര ശില്പശാല


കൊയിലാണ്ടി: ചുവടു കൊണ്ടും ആഖ്യാനം കൊണ്ടും മലയാളിയുടെ കയ്യൊപ്പ് പതിഞ്ഞ കേരളത്തിൻ്റെ സ്വന്തം തിരുവാതിരക്കളിയെ അറിയാൻ കൊല്ലം പിഷാരികാവ് ദേവസ്വം ഒരുക്കിയ ശില്പശാല വേറിട്ടനുഭവമായി.

ചിട്ടയൊപ്പിച്ച അഭിനയത്തിൻ്റെ സങ്കീർണ്ണതയോ ആർഭാടങ്ങളുടെ ധാരാളിത്തമോ ഇല്ലാതെ, തികച്ചും ലളിതവും സുതാര്യവുമായി സമർപ്പിക്കുന്ന സ്ത്രീ സ്വത്വത്തിൻ്റെ അനുഷ്ഠാന കലയാണ് തിരുവാതിരക്കളി.

ആർദ്രമായ ഒരു സംസ്കാരത്തിൻ്റെ പകർന്നാട്ടമാണത്. ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിൽ നിന്നും സാംസ്കാരിക കേരളത്തിൻ്റെ ചരിത്രത്തിലേക്കിറങ്ങി വന്ന ഈ കലാരൂപം ദൃശ്യ ഭേദങ്ങളിലും രീതി വൈരുദ്ധ്യങ്ങളിലുംപെട്ട് ചുവട് തെറ്റുന്ന വർത്തമാനകാലത്ത് ഒരു പുതിയ “ആട്ടപ്രകാരം”
തേടിയാണ് കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും കോ-ഓർഡിനേറ്ററുമായ സുവർണ്ണ ചന്ദ്രോത്ത് ശില്പശാല സംഘടിപ്പിച്ചത്.

ആത്യന്തികമായി അനുഷ്ഠാന രൂപത്തിൻ്റെ തികവാർന്ന തിരുവാതിരക്കളി ഒരു സ്ത്രീപക്ഷ കലാരൂപം എന്ന നിലയിൽ ലാസ്യലയം കൊണ്ട് ഹൃദ്യവും കേരളത്തനിമ കൊണ്ട് സമ്പന്നവുമാണ്. പഴയ കാല കേരളത്തിൻ്റെ വീട്ടുമുറ്റങ്ങളിലും ഉത്സവപ്പറമ്പുകളിലും കൈകൊട്ടിപ്പാടി ചുവട് വെച്ച് കളിച്ചു പോന്ന ഈ തിരുവാതിരക്കളി ഇന്ന് നാടിൻ്റെ കലോത്സവ വേദികളിൽ മുഖ്യ ഇനമായി തീർന്നിരിക്കുന്നു.

 

തിരുവാതിരക്കളിയുടെ അരങ്ങിലും അണിയറയിലും പ്രാഗത്ഭ്യം തെളിയിച്ച പരിചയ സമ്പന്നർ തിരുവാതിരക്കളിയുമായി ബന്ധപ്പെട്ട വ്യത്യസ്ഥ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ച നടത്തി. ആലുവ സെൻ്റ് സേവ്യേഴ്സ് കോളജ് റിട്ട. പ്രൊഫ.അംബുജാക്ഷി മോഡറേറ്ററായ ശില്പശാലയിൽ കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള 100 ഓളം തിരുവാതിരക്കളി കലാകാരന്മാരും കലാകാരികളും പ്രതിനിധികളായെത്തി.

ഒരു പകൽ സമയം നീണ്ടു നിന്ന ചർച്ചയിൽ, തിരുവാതിരക്കളി, അവതരണത്തിലെ ശൈലീ ഭേദങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുകയെന്ന നിഗമനത്തിൽ എത്തിചേർന്നു എന്നതാണ് ശില്പശാലയുടെ നേട്ടങ്ങളിലൊന്ന്.ശിൽപശാലയിൽ ക്രോഡീകരിക്കപ്പെട്ട നിബന്ധനകൾ പാലിച്ച് അടുത്തു തന്നെ ഒരു അഖില കേരള തിരുവാതിരക്കളി മത്സരം സംഘടിപ്പിക്കുമെന്ന് സുവർണ്ണ ചന്ദ്രോത്ത് പറഞ്ഞു.

ശില്പശാലയിൽ പങ്കെടുത്ത ഫാക്കൽറ്റികളുടെ അംഗീകാരത്തോടെ തിരുവാതിരക്കളി അവതരണത്തിലെ നിബന്ധനകൾ വിദ്യാഭ്യാസ വകുപ്പിനും സർവ്വകലാശാലാ മേധാവികൾക്കും സമർപ്പിക്കുവാനും തീരുമനമായി. കേരളത്തിൻ്റെ സ്ത്രീപക്ഷ പരമ്പരാഗതമായ കലയായ കൈക്കൊട്ടിക്കളിയ്ക്ക് മാത്രമായി ഒരു പഠന – ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് മലബാർ ദേവസ്വം ബോർഡിനോടും സംഗീത – നാടക അക്കാദമിയോടും അഭ്യർത്ഥിച്ചു കൊണ്ട് ശില്പശാല അവസാനിക്കുകയായിരുന്നു.