ലാപ്ടോപ്, ക്യാമറ, മൊബൈല്‍, സ്വര്‍ണം; താമരശ്ശേരി ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിയ കേസുകളിലെ പ്രതി പിടിയില്‍
താമരശേരി: താമരശേരിയിലും പരിസര പ്രദേശങ്ങളിലും നിരവധി മോഷണം നടത്തിയ പ്രതി പിടിയിൽ. ഗൂഡല്ലൂർ ദേവർഷോല മാങ്ങാടൻ വീട്ടിൽ സാദിക്കലി (33) യെയാണ് കോഴിക്കോട് റൂറൽ എസ്പി എ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘം പിടികൂടിയത്.
കൂടത്തായി സ്വദേശിയുടെ കുളമാക്കിൽ വീട്ടിൽനിന്ന് 26 ന് രാത്രി 20 പവൻ സ്വർണാഭരണം കവർന്ന കേസിൽ ലഭിച്ച വിവരങ്ങളിൽ നിന്നാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.
കവർച്ചയ്ക്കു ശേഷം പ്രതി കോട്ടക്കലുള്ള രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് പോയി മഞ്ചേരിയിലും കോട്ടക്കലുമുള്ള രണ്ട് ജ്വല്ലറികളിലായി അഞ്ച് പവൻ സ്വർണം വില്പന നടത്തി. പതിനഞ്ചര പവൻ പ്രതിയുടെ ഭാര്യവീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സമീപകാലത്ത് താമരശേരിയിൽ പത്തോളം കളവുകൾ പ്രതി നടത്തിയതായി തെളിഞ്ഞു.
കഴിഞ്ഞ മാർച്ചിൽ എളോത്തുകണ്ടി വീട്ടിൽ നിന്ന് സ്വർണവും മൊബൈൽ ഫോണും ടാബും അമ്പലമുക്ക് പുൽപറമ്പിലെ വീട്ടിൽ നിന്ന് സ്വർണവും12,500 രൂപയും കവർന്നിരുന്നു. ചുങ്കത്തുള്ള വീട്ടിൽ നിന്ന് 47,000 രൂപയും മറ്റൊരു വീട്ടിൽ നിന്ന് സ്വർണവും ലാപ്ടോപ്, മൊബൈൽ ഫോൺ, ക്യാമറ എന്നിവയും കവർന്നു. കോടഞ്ചേരി രണ്ടു വീട്ടുകളിൽ നിന്ന് സ്വർണവും പണവും കവർച്ച നടത്തിയതായും പ്രതി സമ്മതിച്ചു. 15 വർഷം മുമ്പ് പെരിന്തൽമണ്ണ, എടക്കര എന്നിവിടങ്ങളിൽ നടത്തിയ കളവുകേസിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
താമരശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ ക്രൈം സ്ക്വാഡ് എസ്ഐ മാരായ രാജീവ്ബാബു, വി കെ സുരേഷ്, ബിജു പി, സിപിഒ റഫീഖ് എരവട്ടൂർ, കോടഞ്ചേരി എസ്ഐ അഭിലാഷ്, സജു, ഫിംഗർ പ്രിന്റ് സെല്ലിലെ കെ രഞ്ജിത്ത്, ജിജീഷ് പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.