ലഹരിമാഫിയകള്‍ ലക്ഷ്യമിടുന്നത് വിദ്യാര്‍ത്ഥികളെയാണെന്ന് ഋഷിരാജ് സിംഗ് ഐ.പി.എസ്


മേപ്പയ്യൂര്‍: ലഹരി വസ്തുക്കള്‍ ഏറ്റവും കൂടുതല്‍ ചെലവഴിക്കപ്പെടുന്നത് കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചാണെന്നും ഇതിന് പിന്നില്‍ മാഫിയകള്‍ക്ക് ഇരട്ട ലക്ഷ്യങ്ങളുണ്ടെന്ന് ഋഷിരാജ് സിംഗ് ഐ.പി.എസ് പറഞ്ഞു. ലഹരി നിര്‍മ്മാര്‍ജ്ജന സമിതി മേപ്പയ്യൂര്‍ പഞ്ചായത്ത് സംഘടിപ്പിച്ച ലഹരിമുക്ത മേപ്പയ്യൂര്‍ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥികളെ ഇരകളായി കിട്ടിയാല്‍ ദീര്‍ഘകാല ഉപഭോക്താവിനെയാണ് മാഫിയകള്‍ക്ക് ലഭിക്കുന്നത്. ഇതോടൊപ്പം ലഹരി വില്‍പനയും വിശാലമാക്കാനാണ് ലഹരിമാഫിയയുടെ ശ്രമമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. മൊബൈലും ബൈക്കുമാണ് ഇതിന് പ്രതിഫലമായി ലഭിക്കുന്നത്. സ്‌കൂള്‍ തലത്തില്‍ ലഹരി നിര്‍മ്മാര്‍ജ്ജന സമിതി നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലഹരി നിര്‍മ്മാര്‍ജന സമിതി മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷബീര്‍ ജന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍ വിഷയാവതരണം നടത്തി. സമിതി സംസ്ഥാന സെക്രട്ടറി ഹുസൈന്‍ കമ്മന, എല്‍.എന്‍.എസ് വനിതാവിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.മറിയം ടീച്ചര്‍, ബ്ലോക്ക് മെമ്പര്‍ അഷീദ നടുക്കാട്ടില്‍, ഇബ്രാഹിം പാലാട്ടക്കര, സി.പി ഹമീദ്, കെ.രാജീവന്‍, ഇ.അശോകന്‍ മാസ്റ്റര്‍, എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ.കെ ബാലന്‍ മാസ്റ്റര്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മധു പുഴയരികത്ത്, എ.ടി.സി അമ്മത്, ഷര്‍മ്മിന കോമത്ത് എന്നിവര്‍ പ്രസംഗിച്ചു. സമിതി മേപ്പയ്യൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.എം.എ അസീസ് സ്വാഗതവും കോര്‍ഡിനേറ്റര്‍ യു.കെ പോക്കര്‍ നന്ദിയും പറഞ്ഞു.