റേഷന്‍ കടകളില്‍ അരി എത്തിക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് എ.കെ.ആര്‍.ആര്‍.ഡി.എ


ചെറുവണ്ണൂര്‍ : ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി റേഷന്‍ കടയില്‍ വാതില്‍പ്പടിയിലൂടെ ഭക്ഷ്യ ധാന്യങ്ങളിത്തിച്ചു
നല്‍കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ (എ.കെ.ആര്‍.ആര്‍.ഡി.എ.) സമ്മേളനം ആവശ്യപ്പെട്ടു. നേരത്തേ ഡിപ്പോയില്‍നിന്ന് റേഷന്‍ ഡീലര്‍മാര്‍ അരിയെടുക്കുമ്പോള്‍ താത്പര്യമുള്ള അരിയെടുക്കാന്‍ അവസരമുണ്ടായിരുന്നു. വാഹനത്തില്‍ കടയിലേക്ക് എത്തിച്ചുതരുന്ന രീതി വന്നപ്പോള്‍ മട്ടയരി കൂടുതലായി ലഭിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. എ.എ.വൈ. വിഭാഗത്തിന് പച്ചരി കിട്ടാത്ത പ്രശ്‌നം പരിഹരിക്കണമെന്നും ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍ പഞ്ചായത്തുകളിലെ റേഷന്‍ വ്യാപാരികളുടെ സമ്മേളനം ആവശ്യപ്പെട്ടു.

താലൂക്ക് ജനറല്‍ സെക്രട്ടറി പി.പവിത്രന്‍ ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡന്റ് രവീന്ദ്രന്‍ പുതുക്കോട് മുഖ്യപ്രഭാഷണം നടത്തി. ദീര്‍ഘകാലം റേഷന്‍വ്യാപാരിയായിരുന്ന പാലിശ്ശേരി മൊയ്തിക്ക് ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം താലൂക്ക് പ്രസിഡന്റ് രവീന്ദ്രന്‍ പുതുക്കോട്ട് സമ്മാനിച്ചു.

ശശി മങ്ങര, മാലേരി മൊയ്തു, വേണുഗോപാല്‍, പി.ജാഫര്‍, കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: ചെയര്‍മാനായി കെ.രാജനെയും കണ്‍വീനറായി പി. ജാഫറിനെയും തിരഞ്ഞെടുത്തു.