റെസ്റ്റ് ഹൗസില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന; കണ്ടത് വൃത്തിഹീനമായ അന്തരീക്ഷം; മാനേജര്‍ക്ക് ശകാരം, പിന്നാലെ സസ്പെന്ഷന്; മിന്നല്‍ പരിശോധനയുടെ വീഡിയോ കാണാം
തിരുവനന്തപുരം: പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. നവംബര്‍ ഒന്നിന് പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളില്‍ പൂര്‍ണ്ണമായി ഓണ്‍ലൈന്‍ റിസര്വ്വേഷന് ആരംഭിക്കുന്നതിന് മുന്നോടിയായാണ് തിരുവനന്തപുരം റെസ്റ്റ് സൗസില് പരിശോധനയ്ക്ക് എത്തിയത്.
ജനങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന തരത്തില്‍ റെസ്റ്റ് ഹൗസുകളെ സജ്ജമാക്കണമെന്ന നിര്‍ദ്ദേശം നേരത്തേ മന്ത്രി നല്‍കിയിരുന്നു. ഇത് നടപ്പിലായോ എന്നറിയാനാണ് മന്ത്രി തലസ്ഥാനത്തെ റെസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധന നടത്തിയത്.
മിന്നല്‍ പരിശോധനയില്‍ റെസ്റ്റ് ഹൗസില്‍ കണ്ട വൃത്തിഹീനമായ സാഹചര്യത്തില്‍ മന്ത്രി കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചു. റെസ്റ്റ് ഹൗസിലെ മുറികളും അടുക്കളയും പരിസരവുമെല്ലാം മന്ത്രി പരിശോധിച്ചു. മോശം സാഹചര്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മന്ത്രി മാനേജരെ ശകാരിച്ചു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
‘ഇങ്ങനെ പോയാല്‍ മതിയെന്ന് വിചാരിച്ചാല്‍ വച്ച് പൊറുപ്പിക്കില്ല, ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും’ എന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാത്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി സന്ദര്‍ശന സ്ഥലത്തു വച്ചു തന്നെ ബില്‍ഡിംഗ് ചീഫ് എഞ്ചിനിയര്‍ക്ക് നിര്‍ദേശം നല്കി. തുടര്‍ന്ന് റെസ്റ്റ് ഹൗസ് മാനേജര്‍ വിപിനനെ ചീഫ് എഞ്ചിനീയര്‍ സസ്പെന്റ് ചെയ്തു.
അതേസമയം സ്ഥലം മാറ്റം കിട്ടി ഇന്നാണ് തിരുവനന്തപുരത്തെത്തിയതെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് വകുപ്പുതല നടപടിയെടുത്തതെന്നുമാണ് റെസ്റ്റ് ഹൗസ് മാനേജരായ വിപിനനന് പറഞ്ഞത്.
മിന്നല്‍ സന്ദര്‍ശനത്തിന് മന്ത്രി റെസ്റ്റ് ഹൗസ് എത്തുന്നത് മുതല്‍ പരിശോധന അവസാനിക്കുന്നത് വരെയുള്ള വീഡിയോ ദൃശ്യങ്ങളും മന്ത്രി പുറത്തുവിട്ടിട്ടുണ്ട്.