കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്‍ സ്വര്‍ണ്ണവേട്ട; പിടികൂടിയത് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം


കോഴിക്കോട്: റെയിൽവെ സ്റ്റേഷനിൽ വെച്ചു രാജസ്ഥാന്‍ സ്വദേശിയായ യാത്രക്കാരനില്‍നിന്ന് മതിയായ രേഖകളില്ലാത്ത നാലര കിലോ സ്വർണം റെയില്‍വേ സുരക്ഷ സേന പിടികൂടി. വിപണിയിൽ രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.

നാലരക്കിലോ തൂക്കമുള്ള സ്വർണം ആഭരണങ്ങളാക്കിയാണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട്ടെ ജ്വല്ലറികളിലേക്ക് എത്തിക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് കരുതുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റെയിൽവെ സുരക്ഷ സേന നടത്തിയ പരിശോധനക്കിടെയാണ് സ്വ‍ർണം പിടികൂടിയത്.

വടകരയില്‍ വെച്ച് നേത്രാവതി എക്പ്രസ്സിലായിരുന്നു പരിശോധന. താനെയില്‍ നിന്ന് എറണാകുളത്തേക്ക് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് ഇതെന്ന് പൊലീസ് കരുതുന്നു. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി രമേശ് സിങ് രജാവത്തിനെ റെയില്‍വെ സുരക്ഷ സേന കസ്റ്റഡിയിലെടുത്തു.

പരിശോധനയിൽ രണ്ടര കിലോ സ്വർണത്തിന്‍റെ രേഖകള്‍ ഇയാൾ ഹാജരാക്കി. ബില്ല് യഥാര്‍ത്ഥമാണോ എന്ന് ജിഎസ്ടി വിഭാഗം പരിശോധിക്കും. പരിശോധനയ്ക്ക് ശേഷം സ്വർണം കോടതിയിൽ ഹാജരാക്കും. സ്വർണം വാങ്ങാനുള്ളവർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയതായി വിവരം കിട്ടിയെന്നും റെയിൽ സുരക്ഷാ സേന അറിയിച്ചു.