വന്ദേ ഭാരത് എക്സ്പ്രസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; റെയില്‍വേ ട്രാക്കില്‍ കല്ല് നിരത്തിയ മൂടാടി സ്വദേശി അറസ്റ്റില്‍
കൊയിലാണ്ടി: റെയില്‍വേ പാളത്തിന് മുകളില്‍ കല്ല് നിരത്തിയ മൂടാടി സ്വദേശി അറസ്റ്റില്‍. മൂടാടി നെടത്തില്‍ ബാബുവിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ പോകുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ ട്രാക്കില്‍ കല്ലുകള്‍ നിരത്തിയത്. അഞ്ച് കല്ലുകളാണ് ട്രാക്കിന് മുകളില്‍ വച്ചത്. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഈ കല്ലുകള്‍ക്ക് മുകളിലൂടെ കയറിയിറങ്ങിയെങ്കിലും അപകടമൊന്നും സംഭവിച്ചില്ല.
ബാബു റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ വയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സമീപവാസി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. ബാബു വീഡിയോ എടുത്തയാളോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് കൊയിലാണ്ടി പൊലീസ് ബാബുവിനെ അറസ്റ്റ് ചെയ്തത്.
വന്ദേഭാരതിന് കല്ല് വച്ചത് കണ്ടിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ വണ്ടി മറിയട്ടെ എന്ന് ബാബു പറയുന്നത് വീഡിയോയില്‍ കാണാം. അപ്പോള്‍ ആളുകളുടെ ജീവന്‍ നഷ്ടപ്പെടില്ലേ എന്ന് ചോദിച്ചപ്പോള്‍ പോട്ടെ എന്നായിരുന്നു ബാബുവിന്റെ മറുപടി. മദ്യലഹരിയില്‍ നേരെ നില്‍ക്കാന്‍ പോലും കഴിയാതെയാണ് ഇയാള്‍ വീഡിയോയില്‍ സംസാരിക്കുന്നത്.