റീച്ചാര്‍ജ് നിരക്ക് കൂടിയേക്കും; നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ വിഐ


കോഴിക്കോട്: ഇക്കൊല്ലം വീണ്ടും മൊബൈൽ സേവന നിരക്ക് ഉയർത്തേണ്ടിവരുമെന്നു സൂചന നൽകി വോഡഫോൺ–ഐഡിയ (വിഐ). നവംബറിലാണ് വിഐ താരിഫ് വർ‌ധിപ്പിച്ചത്. 2022ൽ മറ്റൊരു നിരക്കു വർധന പ്രതീക്ഷിക്കുന്നതായി വിഐ എംഡി രവീന്ദർ താക്കർ കഴിഞ്ഞ ദിവസം പറഞ്ഞു. നവംബറിലെ താരിഫ് വർധന സംബന്ധിച്ച് വിപണിയിലുണ്ടായ പ്രതികരണം കൂടി പരിഗണിച്ചാകും തീരുമാനം.

പ്രതിമാസ സേവനങ്ങൾക്ക് നിശ്ചയിച്ച 99 രൂപയെന്ന മിനിമം നിരക്ക് 4 ജി സേവനങ്ങൾ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തുകയല്ലെന്ന് വോഡഫോൺ ഐഡിയ എം.ഡിയും സി.ഇ.ഓ യുമായ രവീന്ദർ ടക്കർ പറഞ്ഞു. നിരക്ക് വർധനയെത്തുടർന്ന് കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം 26.98 കോടിയിൽ നിന്നും കഴിഞ്ഞ വർഷം 24.72 ആയി കുറഞ്ഞിരുന്നു. 4,532.1 കോടി രൂപയുടെ നഷ്ടമാണ് ഈ കാലയളവിൽ കമ്പനിക്കുണ്ടായത്.



ടെലികോം കമ്പനിക്ക് ഇപ്പോള്‍ തന്നെ നിരക്കുയര്‍ത്തലുമായി ബന്ധപ്പെട്ട് നിരവധി ഉപയോക്താക്കളെ നഷ്ടമായിരുന്നു. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വിഐ എന്നിവര്‍ കഴിഞ്ഞ നവംബറില്‍ ആണ് 20 ശതമാനം വരെ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നത്. ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം (A R P U) വര്‍ധിപ്പിക്കുന്നതിന് നിരക്ക് വര്‍ധന കാരണമായെങ്കിലും, ഇത് റീ ചാര്‍ജുകളുടെ കുറവിന് ബാധിക്കുകയും സിം കാര്‍ഡുകളുടെ ഏകീകരണത്തിന് കാരണമാവുകയും ചെയ്തു. മാത്രമല്ല വോഡാഫോണ്‍ വരുമാനവും വളരെ വലിയ തോതില്‍ കുറഞ്ഞു.