വയനാട്ടിലെ റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹാന പേരാമ്പ്രയിലെ കോളെജ് അധ്യാപിക
പേരാമ്പ്ര: മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹാന പേരാമ്പ്രയിൽ കോളേജ് അധ്യാപിക. പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആന്റ് സയൻസിലെ സൈക്കോളജി വിഭാഗം അധ്യാപികയാണ് മരിച്ച ഷഹാന.
ഇന്നലെ രാത്രി എട്ടുമണിയോടെയാണു കാട്ടാനയുടെ അക്രമത്തിൽ ഷഹാനയ്ക്ക് ദാരുണ അന്ത്യം സംഭവിച്ചത്.സ്വകാര്യ റിസോർട്ടിന് പുറത്തെ ടെന്റിൽ സുഹൃത്തുക്കൾക്കൊപ്പം താമസിക്കവെ പുറത്തിറങ്ങിയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേര് ഓടി രക്ഷപ്പെടുകയായിരുന്നു.
മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകളില്‍ സഞ്ചാരികള്‍ക്കായി ടെന്റുകളില്‍ താമസമൊരുക്കുന്നത് ഈയിടെയായി വര്‍ധിച്ചു വന്നിട്ടുണ്ട്. ആനയിറങ്ങറുള്ള ഈ മേഖലയില്‍ മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഒന്നും തന്നെ ഒരുക്കാതെയാണ് ടെന്റുകള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതാണ് ഷഹാനയുടെ മരണത്തിനിടയാക്കിയതെന്നാണ് ആരോപണം. മൊബൈലിന് റെയ്ഞ്ച് പോലും ലഭ്യമല്ലാത്ത റിസോര്‍ട്ടിന്റെ മൂന്നു വശവും കാടാണ്.
30 അംഗ സംഘത്തിനൊപ്പമാണ് ഷഹാന റിസോര്‍ട്ടിലെത്തിയത്. റിസോര്‍ട്ടിനു പുറത്ത് കെട്ടിയ ടെന്റില്‍ നിന്ന് പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കണ്ണൂർ ചേലേരി കാരയാപ്പില്‍ കല്ലറപുരയില്‍ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്. ലുഖ്മാന്, ഹിലാല്‍, ഡോ.ദില്‍ഷാദ് എന്നിവർ സഹോദരങ്ങളാണ്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക