മലയാളികളുടെ ‘ജോൺ ഹോനായി’ ഇനി ഓർമ്മ; റിസബാവയുടെ മൃതദേഹം ഖബറടക്കി
കൊച്ചി: ഇന്നലെ അന്തരിച്ച നടൻ റിസബാവയുടെ മൃതദേഹം ഖബറടക്കി. കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ ആയിരുന്നു ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു ഖബറടക്കം നടന്നത്. കൊച്ചി കളക്ടർ അന്തിമോപചാരം അർപ്പിച്ചു.
മരണശേഷം നടത്തിയ പരിശോധനയിൽ റിസബാവക്ക് കൊവിഡ് പോസീറ്റീവ് ആയിരുന്നെന്ന് തെളിഞ്ഞിരുന്നു. ഇതോടെ നിശ്ചയിച്ചിരുന്ന പൊതുദർശനം അടക്കമുളളവ ഒഴിവാക്കി. വ്യക്കസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ഇന്നലെ കൊച്ചിയിലെ ആശുപത്രിയിൽ റിസബാവയുടെ അന്ത്യം. നൂറ്റി ഇരുപതിലധികം സിനിമകളിൽ അഭിനയിച്ച റിസബാവ ഡബ്ബിങ് ആർടിസ്റ്റായും തിളങ്ങി.
രണ്ടുദിവസം മുമ്പുണ്ടായ ഹൃദയാഘാതമാണ് അറുപതുകാരനായ റിസബാവയുടെ ആരോഗ്യനില കൂടതൽ വഷളാക്കിയത്. നേരത്തെ തന്നെ വൃക്ക സംബന്ധമായ രോഗത്തിന് ചികിൽസയിലായിരുന്നു. വെന്‍റിലേറ്റർ സഹായത്തോടെയാണ് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ജീവൻ നിലനിർത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഔദ്യോഗികമായി മരണം സ്ഥീരീകരിച്ചത്.
എറണാകുളം തോപ്പുംപടി സദേശിയായ റിസബാവ നാടകങ്ങളിലൂടെയാണ് കലാരംഗത്തെത്തിയത്. തിരുവനന്തപുരം സംഘചേതനയുടെ സ്വാതി തിരുനാൾ നാടകത്തിലെ സ്വാതി തിരുനാളിന്‍റെ വേഷം നാടകപ്രേമികൾക്കിടയിൽ പരിചിതനാക്കി. 1984ൽ വിഷുപ്പക്ഷിയെന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചതെങ്കിലും ഈ ചിത്രം പുറത്തുവന്നില്ല. പിന്നെയും ആറുവർഷങ്ങൾ കഴിഞ്ഞ് 1990ൽ പുറത്തിറങ്ങിയ ഡോ. പശുപതി എന്ന ചിത്രത്തിലെ നായകതുല്യമായ വേഷം റിസബാവയെന്ന നടന് തിരശീലയിൽ തുടക്കമായി.
സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽപ്പിറന്ന ഇൻ ഹരിഹർ നഗർ ചിത്രത്തിലെ ജോൺ ഹോനായി എന്ന സൗമ്യനായ വില്ലൻ വേഷം റിസവബാവയ്ക്ക് താരപരിവേഷമുണ്ടാക്കി. പിന്നീടുളള വർഷങ്ങൾ നിരവധി സിനിമകളിൽ വില്ലനായും സ്വഭാവ നടനായും തിളങ്ങി. രണ്ടായിരത്തിനുശേഷമാണ് സീരിയലുകളിലേക്ക് ചേക്കേറിയത്. ഇരുപതിലധികം സീരിയലുകളിൽ മികച്ച വേഷങ്ങൾ ചെയ്തതോടെ കുടുംബസദസുകൾക്കും പ്രിയങ്കരനായി.
പ്രണയം സിനിമയിൽ അനുപം ഖേറിന് ശബ്ദം നൽകിയാണ് ഡബ്ബിങ്ങിലേക്ക് തിരിഞ്ഞത്. 2010ൽ മികച്ച ഡബിങ് കലാകാരനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. സിനിമയിലും സീരിയലിലും സജീവമായി നിന്നപ്പോഴാണ് ആരോഗ്യപ്രശ്നങ്ങൾ അലട്ടിത്തുടങ്ങിയത്. കഴിഞ്ഞ കുറേ നാളുകളായി ചികിൽസയിലായിരുന്നു. മലയാള സിനിമ എക്കാലവും ഓർക്കുന്ന നിരവധി കഥാപാത്രങ്ങളെ തിരശീലയിൽ അഭിനയിച്ച് ഫലിപ്പിച്ചാണ് റിസബാവയെന്ന നടൻ അരങ്ങൊഴിയുന്നത്.