റിപ്പബ്ലിക് ദിനത്തില്‍ കാട്ടിലെപീടികയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ കത്തിച്ച് പ്രതിഷേധം


എലത്തൂര്‍: റിപ്പബ്ലിക് ദിനത്തില്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന്റെ വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) കത്തിച്ച് പ്രതിഷേധം. കാട്ടിലെപീടികയിലാണ് സമരസമിതിയുടെ നേതൃത്വത്തില്‍ ഡി.പി.ആര്‍ കത്തിച്ചുള്ള പ്രതിഷേധം അരങ്ങേറിയത്.

സമരസമിതിയുടെ ജില്ലാ ചെയര്‍മാന്‍ ടി.ടി.ഇസ്മായിലിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹ പന്തലില്‍ നിന്ന് പ്രകടനമായി കാട്ടിലെപീടിക അങ്ങാടിയിലേക്ക് പോയ ശേഷമാണ് സമരക്കാര്‍ ഡി.പി.ആര്‍ കത്തിച്ചത്. ഡി.പി.ആര്‍ കത്തിച്ചുള്ള പ്രതിഷേധം ഉഷ മേലേടത്ത് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ജില്ലയില്‍ സാമൂഹ്യാഘാത പഠനം നടത്താനുള്ള വിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തില്‍ അതുമായി സഹകരിക്കേണ്ടതില്ലെന്നാണ് ജില്ലാ സമിതിയുടെ തീരുമാനമെന്ന് ടി.ടി.ഇസ്മായില്‍ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രാദേശിക സമര സമിതികളുടെ നേതൃത്വത്തില്‍ ഡി.പി.ആര്‍ കത്തിച്ചുള്ള പ്രതിഷേധം നടന്നു.