റവന്യൂവകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍: വിശദാംശങ്ങള്‍ അറിയാം


തിരുവനന്തപുരം: സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ജനോപകാരപ്രകാരമായ സേവനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ എത്തിച്ച് റവന്യൂവകുപ്പ്. സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള അന്തരം പരമാവധി ഒഴിവാക്കുവാനും ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങി ചെന്ന് സമ്പര്‍ക്കാത്മകമായ രീതിയില്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുവാനാണ് പദ്ധതികള്‍ കൊണ്ട് വകുപ്പ് ലക്ഷ്യമിടുന്നത്. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക മാത്രമല്ല ഡിജിറ്റല്‍ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

ഇ- പേയ്‌മെന്റ് ആപ്പ്

വില്ലേജ് ഓഫീസുകള്‍ മുഖേന സ്വീകരിച്ചിരുന്ന ഭൂനികുതി ഓണ്‍ലൈനായും ഇനി മുതല്‍ സ്വന്തം മൊബൈലില്‍ നിന്നും അടയ്ക്കാം. ഇതിനായി ഓഫീസുകള്‍ കയറി ഇറങ്ങേണ്ടതില്ല. ജനങ്ങള്‍ക്ക് ലളിതമായി ഭൂനികുതി ഒടുക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന റവന്യൂ ഇ-സര്‍വ്വീസസ് മൊബൈല്‍ ആപ്പ്. വര്‍ഷാ വര്‍ഷങ്ങളില്‍ ഒടുക്കേണ്ടുന്ന നികുതി സംബന്ധിച്ച വിവരങ്ങള്‍ പൊതു ജനങ്ങളിലേക്ക് എസ്.എം.എസ് മുഖേന എത്തിക്കുവാനും അത് അടയ്ക്കുവാനും ഏതു സമയത്തു രസീത് ഡൗണ്‍ലോഡ് ചെയ്യുവാനുള്ള സൗകര്യങ്ങള്‍ ഈ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. UPI പോലുള്ള നൂതനങ്ങളായ പേയ്‌മെന്റ് സംവിധാനങ്ങളും പൊതുജനങ്ങളുടെ സൗകര്യം മുന്‍നിര്‍ത്തി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതര ഭൂസംബന്ധമായ സേവനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

ഫീല്‍ഡ് മെഷര്‍മെന്റ് സ്‌കെച്ച്, തണ്ടപ്പേര്‍ അക്കൗണ്ട്, ലൊക്കേഷന്‍ മാപ്പ്

പൊതുജനങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഭൂരേഖാ സംബന്ധമായ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാക്കിയ വില്ലേജുകളില്‍ ഓണ്‍ലൈനായി ഫീല്‍ഡ് മെഷര്‍മെന്റ് സ്‌കെച്ച് (സര്‍വ്വെ മാപ്പ്) അനുവദിക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നത്. അപേക്ഷകര്‍ക്ക് ഫീസും ഓണ്‍ലൈനായി അടയ്ക്കാം. ഓണ്‍ലൈന്‍ ആയി സ്‌കെച്ചിന്റെ ആധികാരികത ഉറപ്പ് വരുത്തുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഭൂവുടമയുടെ തണ്ടപ്പേര്‍ അക്കൗണ്ട് പകര്‍പ്പിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനും ആയതിന്റെ ആധികാരികത ഉറപ്പു വരുത്തുന്നതിനുമുള്ള സംവിധാനം സംസ്ഥാനവ്യാപകമായി നടപ്പിലാക്കി. മൊബൈല്‍ ആപ്ലിക്കേഷനിലും ഈ സംവിധാനം ഉള്‍പ്പെടുത്തും.

ഭൂവുടമകള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വീട്ടിലിരുന്നു തന്നെ ഭൂമിയുടെ ലൊക്കേഷന്‍ മാപ്പിനായുള്ള അപേക്ഷ ഓണ്‍ലൈനായി ഫീസ് ഒടുക്കി സമര്‍പ്പിക്കാം. ഭൂരേഖ സംബന്ധമായ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുക വഴി പൊതുജനങ്ങള്‍ക്ക് നേരിട്ട് വില്ലേജ് ഓഫീസിലേക്ക് വരേണ്ടുന്ന സാഹചര്യം ഒഴിവാക്കുവാനും ലഭ്യമാകുന്ന അപേക്ഷകളില്‍ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി വിലയിരുത്തുവാനും സാധിക്കും. ആയതു വഴി സേവനങ്ങള്‍ കാര്യക്ഷമമായി വീട്ടുപടിക്കലേക്കു എത്തിക്കുവാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

ഭൂമി തരം മാറ്റം (നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം സെക്ഷന്‍ 27 A പ്രകാരം)

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി നടപ്പില്‍ വന്നതിനുശേഷം വളരെയധികം അപേക്ഷകളാണ് നിലം പരിവര്‍ത്തനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന ലാന്‍ഡ് റെക്കോര്‍ഡ്‌സ് പോര്‍ട്ടലില്‍ ഭൂമിയുടെ തരംമാറ്റം വരുത്തുന്നതിനുള്ള അപേക്ഷകളിന്മേല്‍ ഓണ്‍ലൈന്‍ ആയി നടപടി സ്വീകരിക്കുന്നതിനുള്ള സംവിധാനവും ഇന്ന് നടപ്പില്‍ വരികയാണ്. നിയമപ്രകാരം അപേക്ഷകളില്‍ സുതാര്യമായും സമയബന്ധിതവുമായും നടപടി സ്വീകരിക്കുന്നതിനും ഭൂരേഖകളിലെ കൃത്രിമം തടയുന്നതിനും ലക്ഷ്യമിട്ടാണ് തരം മാറ്റം നടപടി ഓണ്‍ലൈനാക്കിയിട്ടുള്ളത്. തരം മാറ്റത്തിനുള്ള അപേക്ഷയും അനുബന്ധ രേഖകളും ഓണ്‍ലൈന്‍ ആയി തന്നെ സമര്‍പ്പിക്കുവാനും അതിന്മേല്‍ നടപടി സ്വീകരിക്കുവാനും ലഭിച്ച അപേക്ഷയിന്മേലുള്ള നടപടി പുരോഗതി അറിയുവാനുമുള്ള സംവിധാനം ആണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം സമര്‍പ്പിച്ച അപേക്ഷയിന്മേലുള്ള ന്യൂനതകള്‍ ഓണ്‍ലൈന്‍ ആയി തന്നെ പരിഹരിക്കുവാനും തീര്‍പ്പായ അപേക്ഷയിന്മേല്‍ താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ നിന്നും ഉടനടി ഭൂരേഖകളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുവാനും ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നു.

നികുതി രജിസ്റ്റര്‍, തണ്ടപ്പേര്‍ അക്കൗണ്ട് എന്നിവയുടെ ഡിജിറ്റൈസേഷന്‍

സംസ്ഥാനത്തെ 1666 വില്ലേജുകളിലെ അടിസ്ഥാന നികുതി രജിസ്റ്റര്‍, തണ്ടപ്പേര്‍ അക്കൗണ്ടുകളില്‍ ലഭ്യമായതും കുറ്റമറ്റതുമായ റിക്കോര്‍ഡുകളുടെ ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കയാണ്. ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു വഴി ഭൂരേഖയെ അടിസ്ഥാനപ്പെടുത്തി ലഭ്യമാക്കുന്ന വിവിധ തരത്തിലുള്ള ഭൂ സംബന്ധമായ സേവനങ്ങള്‍ ഇനി ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുവാന്‍ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ റീ സര്‍വ്വേ, ഭൂമി ഏറ്റെടുക്കല്‍ ആവശ്യമുള്ള വിവിധങ്ങളായ പദ്ധതികളുടെ ഗതിവേഗം വര്‍ധിപ്പിക്കുവാനും, ഇതര വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍, പദ്ധതികള്‍, കോടതി, ബാങ്കുകള്‍ എന്നിവയ്ക്കും ഈ ഡാറ്റാ ഉപയുക്തമാക്കുവാനും കഴിയും.
ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡിജിറ്റൈസേഷനില്‍ സര്‍വ്വെ അപാകതകള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനം കൂടി ഉള്‍പ്പെടുത്തി രേഖകള്‍ കുറ്റമറ്റതാക്കുവാനാണ് വിഭാവനം ചെയ്തിട്ടുള്ളത്.

വില്ലേജ് വെബ്‌സൈറ്റ്

ഡിജിറ്റലൈസേഷന്റെ അല്ലെങ്കില്‍ കണക്റ്റിവിറ്റിയുടെ വര്‍ധിച്ച തലങ്ങളില്‍ മാത്രം പരിമിതപ്പെടുത്താതെ പ്രാദേശിക വികസന ലക്ഷ്യങ്ങള്‍ക്കായുള്ള ഉപാധികളായി ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക എന്നതാണ് സ്മാര്‍ട്ട് വില്ലേജ് ആശയത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ വില്ലേജുകളുടെയും അടിസ്ഥാനവിവരങ്ങള്‍, ഭൂവിവരങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍, ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് എന്നിവയുള്‍പ്പെടുത്തി എല്ലാ വില്ലേജിലും വെബ്സൈറ്റ് നടപ്പിലാക്കുകയാണ്. 1666 വില്ലേജുകളും ഈ സംവിധാനത്തിന്‍ കീഴില്‍ വരും. പൊതുജനങ്ങള്‍ക്കു വില്ലേജുകളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളും സ്മാര്‍ട്ട് ആക്കി ഒരു കുടക്കീഴില്‍ കൊണ്ടുവരുവാനാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം സെര്‍ട്ടിഫൈ ചെയ്ത ഭൂ രേഖകള്‍ പൊതുജനങ്ങള്‍ക്ക് കാണുവാനുള്ള സൗകര്യവും വെബ്‌സൈറ്റ് വഴി ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുതകുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചു അതില്‍ നിന്ന് മുന്നറിവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള സോഫ്റ്റ്വെയര്‍ രൂപകല്‍പന ചെയ്തു പൊതുജനങ്ങള്‍ക്ക് പരമാവധി വേഗത്തില്‍ കുറ്റമറ്റ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.

റവന്യൂ ഇ-സര്‍വീസസ് പോര്‍ട്ടല്‍ നവീകരണം, ക്വിക്ക് പേ സംവിധാനം

പൊതുജനങ്ങള്‍ക്ക് വിവിധ നികുതി/ഫീസ് തടസ്സമില്ലാതെ ഒടുക്ക് വരുത്തുന്നതിനുള്ള റവന്യൂ ഇ-സര്‍വീസസ് പോര്‍ട്ടല്‍ നവീകരിച്ചു. പൊതുജനങ്ങള്‍ക്ക് ലളിതവും അനായാസവുമായി നികുതി ഒടുക്കുന്നതിന് സഹായകമാംവിധം അവബോധജന്യമായ (കിൗേശശേ്‌ല) യൂസര്‍ ഇന്റര്‍ഫേസിന്റെ നവീകരണം പൂര്‍ത്തിയായിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് അനായാസേന സേവനം ലഭിക്കുന്ന രീതിയില്‍ ക്വിക് പെ സംവിധാനവും ഇതിന് അനുബന്ധമായി ഉള്‍പ്പെടുത്തിയിരിക്കയാണ്. ഡജക പോലുള്ള നൂതനങ്ങളായ പേയ്‌മെന്റ് സംവിധാനങ്ങളും പൊതുജനങ്ങളുടെ സൗകര്യം മുന്‍നിര്‍ത്തി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂരേഖകളുടെ ഒണ്‍ ടൈം സര്‍ട്ടിഫിക്കേഷന്‍ മുഖേന പരമാവധി ജനങ്ങള്‍ക്ക് കുറ്റമറ്റ ഭൂരേഖകള്‍ ലഭ്യമാക്കുവാനും ആയതിന്റെ പ്രയോജനം ലഭ്യമാക്കുവാനും സാധിക്കും. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു സംവേദനാത്മകമായി സേവനങ്ങള്‍ ലഭ്യമാക്കുവാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍

അര്‍ബുദം, കുഷ്ഠം, ക്ഷയ രോഗബാധിതര്‍ക്ക് സംസ്ഥാനവ്യാപകമായി പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള സംവിധാനം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തി. പെന്‍ഷനുകള്‍ക്കായി പൊതുജനങ്ങള്‍ക്ക് ഇനി ഓണ്‍ലൈനില്‍ അപേക്ഷിക്കാം. സമയബന്ധിതമായി പെന്‍ഷന്‍ ലഭ്യമാക്കുന്നത് വഴി സംസ്ഥാനത്ത് കഷ്ടത അനുഭവിക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സമൂഹത്തിലെ പ്രാന്തവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗത്തിന്, മുഖ്യധാരയില്‍, അനായാസേന ലഭ്യമാകുന്ന സേവനങ്ങളുടെ അതേ കാര്യക്ഷമതയോടെ സാമൂഹിക സുരക്ഷാ സേവനസഹായങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാന സര്‍ക്കാര്‍ ഇത്തരം ജനക്ഷേമ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനും നടപ്പില്‍ വരുത്തുന്നതിനും പ്രതിഞ്ജാബദ്ധമാണ്. ആയതു ഈ സര്‍ക്കാര്‍ രൂപീകരണ വേളയില്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുവാനാണ് ഉദ്ദേശിക്കുന്നത്. ലോകത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന പൊതുസാഹചര്യം കണക്കിലെടുത്തും സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയും കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ എത്തിക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം.