റംസാനിലെ അവസാനവെള്ളി ഇന്ന് : സമയക്രമത്തില്‍ മാറ്റംവരുത്തി രാത്രി നമസ്‌കാരം



കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായതോടെ റംസാനിലെ രാത്രി നമസ്‌കാര സമയക്രമത്തില്‍ മാറ്റംവരുത്തി. നിയന്ത്രണമുള്ള വാര്‍ഡുകളിലെ പള്ളികളില്‍ വിശ്വാസികളുടെ പ്രവേശനം പരിമിതപ്പെടുത്തി. റംസാനിലെ അവസാനത്തെ പത്തില്‍ ഏറെ പുണ്യമായി കരുതുന്ന ഒറ്റയിട്ട രാവും വെള്ളിയാഴ്ച ദിവസവും ഒന്നിച്ചാണ് ഇത്തവണവന്നത്. വീടുകളില്‍ ഖുര്‍ ആന്‍ പാരായണവും നമസ്‌കാരവുമായി വിശ്വാസികള്‍ ഈ ദിവസം സജീവമാക്കി. മുസ്ലിം സംഘടനകളുടെ കീഴിലെ പള്ളികളിലാണ് കോവിഡ് മാനദണ്ഡം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നമസ്‌കാരസമയക്രമം മാറ്റിയത്.

ഒരോ വിശ്വാസിയും നമസ്‌കാരത്തിനായി ഇരിക്കേണ്ട സ്ഥലം പള്ളിയില്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. സാധാരണ ബാങ്ക് കഴിഞ്ഞ് 10 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ കഴിഞ്ഞാണ് ഇമാമിനോടൊപ്പം വിശ്വാസികള്‍ നമസ്‌കാരം നിര്‍വഹിക്കുക. എന്നാല്‍ ഇപ്പോള്‍ ബാങ്ക് കഴിഞ്ഞയുടനെതന്നെ ഇമാമിനോടൊപ്പം നമസ്‌കരിക്കാനാണ് ഭൂരിപക്ഷം പള്ളികളിലെയും തീരുമാനം. പ്രായമുള്ളവരും കുട്ടികളും പള്ളികളിലേക്ക് വരേണ്ടതില്ലെന്ന അറിയിപ്പും പള്ളിക്കമ്മിറ്റികളും മഹല്ല് ഭാരവാഹികളും നല്‍കുന്നുണ്ട്. രാത്രി നമസ്‌കാരത്തിനുള്ള ബാങ്ക് കഴിഞ്ഞാല്‍ പത്ത് മിനിറ്റിനകം നമസ്‌കാരത്തിലേക്ക് നീങ്ങും.

റംസാനിലെ പ്രധാന ആരാധനയായ തറാവീഹ് നമസ്‌കാരം സുന്നി പള്ളികളില്‍ 20 റകഅത്തും മുജാഹിദ് പള്ളികളില്‍ 11 റകഅത്തുമാണ് നിര്‍വഹിക്കാറുള്ളത്. ഖുര്‍ആന്‍ ദീര്‍ഘമായി പാരായണം ചെയ്താണ് പല പള്ളികളിലും തറാവീഅ് നമസ്‌കാരം നിര്‍വഹിക്കാറുള്ളത്. എന്നാല്‍ അതിവേഗം നമസ്‌കരിക്കാനുള്ള തീരുമാനമാണ് പള്ളികളില്‍ ഇപ്പോള്‍ സ്വീകരിച്ചത്. രാത്രി 9.15-ന് മുമ്പ് പള്ളികളിലെ ആരാധന പൂര്‍ത്തിയാക്കും. പള്ളികളിലെ ഇഫ്താര്‍ സംഗമവും മതപ്രഭാഷണവും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.