രോഗികള്‍ക്ക് സ്വാന്ത്വനമേകാന്‍ സുരക്ഷയ്ക്ക് പുതിയ കെട്ടിടമൊരുങ്ങുന്നുന്നു; മേപ്പയ്യൂര്‍ നോര്‍ത്ത് സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിന് ശിലയിട്ടു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നോര്‍ത്ത് സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി കെട്ടിടത്തിന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ശിലയിട്ടു. പാലിയേറ്റീവ് രംഗത്തെ മൂന്ന് വര്‍ഷത്തെ അനുഭവ കുതിപ്പിലാണ് സുരക്ഷക്ക് സ്വന്തമായി കെട്ടിടമുയരുന്നത്. നൂറ് കണക്കിന് കിടപ്പു രോഗികള്‍ക്ക് സ്വാന്തനമേകാന്‍ ഇതിനകം സുരക്ഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മേപ്പയ്യൂര്‍ ടൗണിന്റെ ഹൃദയഭാഗത്ത് വിലക്കെടുത്ത 12 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. താഴത്തെ നിലയില്‍ ഫിസിയോതെറാപ്പി യൂണിറ്റും, വയോജന വിശ്രമകേന്ദ്രവും, നഴ്‌സിങ്ങ് പരിചരണ സംവിധാനവുമാണ് ഒരുക്കുന്നത്. മുകള്‍ നിലയില്‍ ഹാളും വിഭാവനം ചെയ്യുന്നു.

നഴ്‌സിങ്ങ് പരിചരണവും പാലിയേറ്റീവ് ഉപകരണങ്ങളും നിരവധി പേര്‍ക്ക് സഹായകമായി. കിടപ്പു രോഗികള്‍ക്ക് ഹോം കെയര്‍ആരംഭിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. മന്ത്രിയായിരിക്കെ ടി.പി.രാമകൃഷ്ണന്‍ അനുവദിച്ച ആംബുലന്‍സ് സുരക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ്.

ആദ്യഘട്ട വിഭവ സമാഹരണത്തിലൂടെയാണ് സ്ഥലം വാങ്ങിയത്. കെട്ടിട നിര്‍മ്മാണത്തിനായി രണ്ടാം ഘട്ട വിഭവ സമാഹരണം ആരംഭിച്ചു കഴിഞ്ഞു. ആറ് മാസത്തിനകം കെട്ടിടം പണി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. തറക്കല്ലിടല്‍ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷനായിരുന്നു. സുരക്ഷ സെക്രട്ടരി എം.രാജന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മുന്‍എം.എല്‍.എ എന്‍.കെ.രാധ, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി.പ്രസന്ന, ഗ്രാമ പഞ്ചായത്ത് അംഗം റാബിയ എടത്തിക്കണ്ടി, മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍, ഓടയില്‍ സുനി, കെ കെ വിജിത്ത് എന്നിവര്‍ സംസാരിച്ചു. സുരക്ഷ പ്രസിഡന്റ് കെ.കെ.ബാബു നന്ദി പറഞ്ഞു.