രോഗവ്യാപനം രൂക്ഷം; കീഴരിയൂർ കടുത്ത നിയന്ത്രണങ്ങളിലേക്ക്


കീഴരിയൂർ: കീഴരിയൂർ പഞ്ചായത്തിൽ കോവിഡ് കേസുകൾ കൂടുന്നു. കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപ്പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അണ്ടിച്ചേരിത്താഴെ മുതൽ കോരപ്രവരെയുള്ള ഭാഗം മൈക്രോ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

കീഴരിയൂർ പഞ്ചായത്ത് പരിധിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28 ശതമാനത്തോളമായി ഉയർന്നു. ഇന്നലെ 92 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ 26 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ടീച്ചർ പറഞ്ഞു. ഇന്ന് പഞ്ചായത്ത് ആർആർടി യോഗം ചേർന്ന് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാൻ തീരുമാനിച്ചു.

കടകൾ തുറന്നു പ്രവർത്തിക്കാനുള്ള സമയം രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെയാക്കി. ഹോട്ടലുകൾക്ക് രാവിലെ 8 മണി മുതൽ വൈകീട്ട് 8 മണി വരെയായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആഘോഷങ്ങൾ, വിവാഹങ്ങൾ എന്നിവയ്ക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്നും, കർശ്ശന നിയന്ത്രണങ്ങളോടെ മാത്രം അനുവദിക്കാനുമാണ് തീരുമാനം. കീഴരിയൂർ പഞ്ചായത്തിൽ ഇതുവരെ 500 ഓളം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും നാലോളം പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.