“രോഗലക്ഷണമുണ്ടെങ്കിൽ കൊന്നാലും കോവിഡ് ടെസ്റ്റ് നടത്തരുത്”, പയ്യോളി നഗരസഭ കൗൺസിലറുടെ ആഹ്വാനം വൈറലായി; ജനപ്രതിനിധി തന്നെ ഇങ്ങനെ തുനിഞ്ഞിറങ്ങിയാൽ കോവിഡ് പ്രതിരോധം താളം തെറ്റില്ലെ? വൻ പ്രതിഷേധം
പയ്യോളി: പയ്യോളി നഗരസഭയിലെ ഇരുപത്തിയൊമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ എ.സി സുനൈദ് കോവിഡ് പരിശോധനയുമായി ബന്ധപ്പെട് വാർഡിലെ ജനങ്ങൾക്കും, കുടുംബശ്രീ അംഗങ്ങൾക്കുമായി നൽകിയ ശബ്ദസന്ദേശം വൈറലാകുന്നു.
കോഴിക്കോട് സിറ്റിയിലേക്കും, ബാങ്കുകളിലേക്കും മറ്റ് ജില്ലകളിലേക്കും യാത്ര ചെയ്യണമെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതിന്‌റെ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായി വരുന്ന സാഹചര്യത്തില്‍ അടുത്ത ദിവസം നടക്കുന്ന കോവിഡ് പരിശോധന ക്യാമ്പിൽ എല്ലാവരും പങ്കെടുക്കണം എന്നാണ് സന്ദേശം. രോഗലക്ഷണങ്ങളില്ലാത്തവര്‍ മാത്രം പരിശോധന ക്യാമ്പുകളില്‍ പങ്കെടുക്കാൻ പാടുള്ളൂവെന്നും, എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ള ഒരാൾ പോലും കൊന്നാലും ടെസ്റ്റിൽ പങ്കെടുക്കരുത് എന്നും കൗൺസിലർ നിര്‍ദേശിക്കുന്നു. ഇതുവഴി ടിപിആര്‍ നിരക്ക് കുറക്കാന്‍ കഴിയുമെന്നും പറയുന്നതാണ് സന്ദേശം. പ്രദേശത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ ടിപിആര്‍ നിരക്ക് പ്രകാരം പയ്യോളി നഗരസഭ ഡി കാറ്റഗറിയിലാണ്.
എന്നാല്‍ ഇത്തരത്തിലൊരു നിര്‍ദേശവും ജനപ്രതിനിധികള്‍ക്ക് നൽകിയിട്ടില്ലെന്ന് പയ്യോളി നഗരസഭ ചെയര്‍മാന്‍ ഷെഫീക്ക് വടക്കയില്‍ പേരാമ്പ്ര ന്യൂസിനോട് പറഞ്ഞു. ഇത് വാര്‍ഡ് മെമ്പര്‍ക്ക് പറ്റിയ അബദ്ധമാണെന്നും കൊവിഡ് ബാധിതര്‍ പുറത്തിറങ്ങരുതെന്നാണ് സന്ദേശത്തിലൂടെ പറയാന്‍ ഉദ്ദേശിച്ചതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.