രുചിയുടെ കലവറകൾ തുറക്കുന്നു; കോഴിക്കോട് നഗരത്തിലെ ഭക്ഷണശാലകള്‍ വീണ്ടും സജീവമാകുന്നു


കോഴിക്കോട്: രുചിയുടെ കലവറകൾ വീണ്ടും തുറക്കുന്നു. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള അനുമതി ലഭിച്ചതോടെ വീണ്ടും കോഴിക്കോട് നഗരത്തിലെ ഭക്ഷണശാലകൾ സജീവമാവും. ആദ്യദിനമായ ഇന്നലെ ഒട്ടുമിക്ക ഹോട്ടലുകളിലും ഇരുന്നു കഴിക്കാൻ സംവിധാനം ഒരുക്കിയിരുന്നില്ല. ഉത്തരവ് ഇറങ്ങുന്നതുവരെ കാത്തിരിക്കാനാണ് ഹോട്ടലുടമകളുടെ തീരുമാനം. സംസ്ഥാനത്ത് ഏറ്റവുമധികം ഹോട്ടലുകളും ഭക്ഷണശാലകളുമുള്ള നഗരങ്ങളിലൊന്നാണ് കോഴിക്കോട്. കോവിഡ് കാലം വന്നതോടെ ഹോട്ടലുകൾ അടഞ്ഞു.

ആദ്യ ലോക്ഡൗൺ പിന്നിട്ടതോടെ ഓൺലൈൻ ഭക്ഷണ വിതരണ സംവിധാനങ്ങളിലേക്ക് കോഴിക്കോട്ടെ പരമ്പരാഗത ഹോട്ടലുകാർപോലും ചുവടു മാറ്റിത്തുടങ്ങി. രണ്ടാം ലോക്ഡൗണിനു ശേഷം ഹോട്ടലുകളിൽ പാർക്കിങ് പോലുള്ള തുറസ്സായ ഇടങ്ങളിൽ ഇരുത്തി ഭക്ഷണം നൽകാമെന്ന നിർദേശം മുൻപു വന്നിരുന്നുവെങ്കിലും ഒട്ടുമിക്ക ഹോട്ടലുകളും സംവിധാനം ഒരുക്കിയിരുന്നില്ല. ഇന്നലെ മുതലാണ് ഹോട്ടലുകളിലും ബാറുകളിലും ഇരുന്നു കഴിക്കാനുള്ള അനുമതി നൽകിയത്.

അവധിദിവസമായ ഇന്നലെ വൈകിട്ട് അനേകം പേർ ഹോട്ടലുകളിലേക്ക് എത്തിയിരുന്നു. പകുതി സീറ്റുകളിൽ മാത്രമാണ് ഇരുത്തി ഭക്ഷണം കഴിക്കാൻ അനുമതി. ഒരുക്കങ്ങൾ പൂർത്തിയാവാത്തതിനാൽ ഇന്നലെയും പ്രധാന ഹോട്ടലുകളിലെല്ലാം പാഴ്സൽ, ഓൺലൈൻ ഡെലിവറി സൗകര്യം മാത്രമാണ് ഉണ്ടായിരുന്നത്. ചില പുതുതലമുറ ഹോട്ടലുകളും കഫെകളും ഇന്നലെ ഇരുത്തി ഭക്ഷണം നൽകി.

ഉത്തരവ് പുറത്തിറങ്ങിയ ശേഷം നിബന്ധനകൾ എന്തൊക്കെയാണെന്നു പരിശോധിച്ചശേഷം മാത്രമേ ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം കൊടുക്കുന്ന കാര്യം പരിഗണിക്കൂ. നിലവിൽ മാധ്യമങ്ങളിലൂടെ അറിഞ്ഞതു പ്രകാരമുള്ള നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഹോട്ടലുകളിൽ സൗകര്യമൊരുക്കുകയെന്നത് ബുദ്ധിമുട്ടാണ്. രണ്ടു ഡോസ് വാക്സീൻ എടുത്തവരെ എങ്ങനെ തിരിച്ചറിയും? വാക്സീൻ എടുക്കാത്തവർ വന്നാൽ ഹോട്ടലുടമകളാണോ പിഴ അടയ്ക്കേണ്ടത്. സമീപകാലത്ത് അനാവശ്യമായി ഹോട്ടലുടമകളെക്കൊണ്ട് പിഴ അടപ്പിച്ച സംഭവങ്ങൾ കോടതിയുടെ പരിഗണനയിലാണ്.