രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തി; പെഗാസസ് ഫോണ്‍ ചോര്‍ത്തിയവരുടെ പട്ടികയില്‍ കേന്ദ്ര മന്ത്രിമാരും, പ്രമുഖ രാഷ്ട്രീയ നേതാക്കളും, വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ഇസ്രയേൽ കമ്പനി വികസിപ്പിച്ചെടുത്ത പെഗാസസ് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഫോൺ ചോർത്തിയെന്ന് റിപ്പോർട്ട്. രാഹുൽ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളുടെയും ഫോൺ ചോർത്തി.
കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ളാദ് പട്ടേല്‍ എന്നിവരുടെയും പ്രശാന്ത് കിഷോർ, മമത ബാനർജിയുടെ ബന്ധു അഭിഷേക് ബാനർജി എന്നിവരുടെ ഫോണുകളും ചോർത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്റ്റാഫിന്‍റെ ഭർത്താവിന്‍റെയും ബന്ധുക്കളുടെയും ഫോണുകളും ചോർന്നു. ബിൽ ഗേറ്റ്സ് ഫൗണ്ടേഷന്‍റെ ഇന്ത്യൻ ഓപ്പറേഷൻ ഡയറക്ടർ എം ഹരിമേനോന്‍റെയും വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും ഫോണുകളുെ ചോർത്തി.
അതേസമയം, പെഗാസസുമായി ബന്ധപ്പെട്ട ഫോൺ ചോർത്തൽ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. ജനാധിപത്യ സർക്കാരിനെ താറടിക്കാനുള്ള ശ്രമം നടക്കുന്നു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ലെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
വിഷയത്തിൽ രാജ്യസഭ ഇന്ന് ഉച്ചയ്ക്ക് ശേഷവും അലങ്കോലമായി. പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സർക്കാർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. രാവിലെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നുച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവെച്ചിരുന്നു. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു ഇത്. പുതിയ മന്ത്രിമാരുടെ പേര് കേൾക്കാൻ പോലും പ്രതിപക്ഷത്തിന് താത്പര്യമില്ലെന്നായിരുന്നു ഇതിനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.
പെഗാസസ് സോഫ്റ്റ് വെയർ
2019ലാണ് പെഗാസസ് സോഫ്റ്റ് വെയർ ആഗോളതലത്തിൽ ചർച്ചയാവുന്നത്. 20 രാജ്യങ്ങളിൽ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോർന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്സ്ആപ്പ് യുഎസ് ഫെഡറൽ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോർത്തൽ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തിൽ ഇന്ത്യക്കാരുടെ ഫോണുകളും ചോർത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാർത്തകൾ വന്നു.
പിന്നാലെ വാട്സാപ്പിനോട് കേന്ദ്രസർക്കാർ വിശദീകരണം തേടി. തുടർന്ന് 2019 നവംബറിൽ മറുപടി നൽകിയ വാട്ട്സ്ആപ്പ്, വിവരങ്ങൾ ചോർന്നതിൽ കേന്ദ്ര സർക്കാരിനോട് ഖേദം പ്രകടിപ്പിച്ചു. സുരക്ഷ കാര്യങ്ങളിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വാട്സാപ്പ് വിശദീകരണം നൽകി. എന്നാൽ വിഷയത്തിൽ കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാക്കൾ അന്ന് രംഗത്ത് എത്തിയത് വാർത്തയായിരുന്നു.
ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്റ്റ് വെയറാണ് പെഗാസസ്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകൾ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗാസസിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഇങ്ങനെ ഒരു സോഫ്റ്റ് വെയറുണ്ടെന്ന് ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾ ഈ സോഫ്റ്റ് വെയർ വിൽക്കുന്നത് സർക്കാരുകൾക്ക് മാത്രമാണ് എന്നാണ് കമ്പനിയുടെ വിശദീകരണം.
ഫേസ്ബുക്കും വാട്സാപ്പും ആപ്പിളുമെല്ലാം പെഗാസസ് ആക്രമണത്തിനിരയായിട്ടുണ്ട്. ടാർഗറ്റ് ചെയ്യപെടുന്ന ഫോണിന്റെ / ഡിവൈസിന്റെ എല്ലാ പ്രവർത്തനവും പെഗാസസ് ചോർത്തും, ഫോണ് വിളികളും മെസ്സേജുകളും ഫയലുകളും, ബ്രൗസിംഗ് ഡാറ്റയും വരെ ചോർത്താൻ കെല്പുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പെഗാസ് നുഴഞ്ഞു കയറാനുള്ള സാങ്കേതിക പിഴവുകൾ പരിഹരിച്ചിട്ടുണ്ടെന്നാണ് ആപ്പിളും വാട്സാപ്പും അവകാശപ്പെടുന്നത്. എന്നാൽ സമീപകാലം വരെയും ചോര്ച്ച നടന്നുവെന്നാണ് ഇന്ന് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ വ്യക്തമാവുന്നത്.
2019 ലെ പെഗാസസിൻറെ വാട്ട്സ്ആപ്പ് ആക്രമണത്തിൻറെ ഇരകളിൽ ഭൂരിപക്ഷവും സൈനികരും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു എന്നാണ് വിവരം. 20 രാജ്യങ്ങളിലെ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ചോർത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമേരിക്കയുമായി അടുപ്പമുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും വാട്സാപ്പ് വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്.