രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സമര്‍പ്പണം ചെയ്യുകയെന്നതാണ് കെ.കേളപ്പനെപ്പോലുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് നല്‍കാവുന്ന യഥാര്‍ത്ഥ ആദരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; തുറയൂരില്‍ കെ.കേളപ്പന്റെ പൂര്‍ണകായ പ്രതിമ അനാഛാദനം ചെയ്തു


തുറയൂർ: കേരള ഗാന്ധി കെ.കേളപ്പന്റെ അമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച്‌ നിർമിച്ച പൂർണകായ പ്രതിമ അനാഛാദനം ചെയ്‌തു. കേളപ്പന്റെ തറവാട്ടു‌ വീടായ കൊയപ്പള്ളി തറവാട്ടു‌ മുറ്റത്ത്‌ സ്ഥാപിച്ച പ്രതിമ ഗവർണർ ആരിഫ്‌ മുഹമ്മദ് ഖാനാണ്‌ അനാഛാദനം ചെയ്‌തത്‌.

രാഷ്ട്ര നിർമാണ പ്രവർത്തനങ്ങളിൽ പൂർണ സമർപ്പണം ചെയ്യുകയെന്നതാണ്‌ കെ.കേളപ്പനെപ്പോലുള്ള സ്വാതന്ത്ര്യസമര സേനാനികൾക്ക്‌ നൽകാവുന്ന യഥാർഥ ആദരവെന്ന്‌ ഗവർണർ പറഞ്ഞു. സ്വാതന്ത്ര്യ പോരാളികളിലെ വിശിഷ്ട വ്യക്തിയായിരുന്ന അദ്ദേഹത്തിന്റെ പ്രതിമ യുവതലമുറയ്‌ക്ക്‌ കേളപ്പന്റെ പ്രവർത്തനങ്ങളെ ഓർമിക്കാൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

കെ. കേളപ്പന്റെ പൂര്‍ണ്ണകായ പ്രതിമ വളരെ അപൂര്‍വ്വമാണ്. നാല് മാസത്തോളം സമയമെടുത്താണ് ഏഴടി ഉയരത്തിലുള്ള പ്രതിമ പൂര്‍ത്തിയാക്കിയത്. കളിമണ്ണിലുണ്ടാക്കിയ രൂപം പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ മോള്‍ഡ് ചെയ്ത് ഫൈബറിലാണ് പ്രതിമ നിര്‍മിച്ചത്. കെ. കേരളപ്പന്റെ ഖാദിയില്‍ നെയ്ത സ്വതസിദ്ധമായ വസ്ത്രധാരണരീതിയും ഇടതു ചുമലില്‍ ഷാളും, മുണ്ടും, കണ്ണടയും, പേനയും, ചെരിപ്പും എല്ലാം ഉള്‍പ്പെടുത്തി ആ കാലഘട്ടത്തിലെ വസ്ത്രധാരണരീതി അതേ രീതിയില്‍ തന്നെ മനോഹരമായി ശില്പത്തില്‍ ആവിഷ്‌കരിച്ചിരിച്ചിട്ടുണ്ടെന്ന് ചിത്രന്‍ പറയുന്നു. കേളപ്പജിയുടെ കുടുംബാംഗങ്ങളും കൊയപ്പള്ളി തറവാട് പരിപാലനം ട്രസ്റ്റ് അംഗങ്ങളും ചിത്രന്റെ പണിപ്പുരയില്‍ എത്തി ശില്പനിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കിയിരുന്നു.

കെ.മുരളീധരൻ എംപി അധ്യക്ഷനായി. തുറയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ ഗിരീഷ്‌ സംസാരിച്ചു. വിജയൻ കൈനടത്ത്‌ സ്വാഗതവും ബാബു പുതുക്കുടി നന്ദിയും പറഞ്ഞു. ശിൽപ്പി ചിത്രൻ കുഞ്ഞിമംഗലത്തിന്‌ ഗവർണർ ഫലകം കൈമാറി.