രാമനാട്ടുകര സ്വദേശിനിയായ പോക്സോ കേസ് ഇരയുടെ മരണം; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്


കോഴിക്കോട്: പോക്സോ കേസ് ഇരയുടെ മരണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പൊലീസിനോട് അടിയന്തിരമായി റിപ്പോർട്ടു നൽകാനും ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.

ബന്ധുക്കള്‍ പീഡിപ്പിച്ച രാമനാട്ടുകര സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതി ലഭിച്ച സമയത്ത് പോക്സോ കേസില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പൊലീസ് പാലിച്ചില്ലെന്നാണ് പ്രധാന പരാതി. യൂനിഫോമിലുള്ള ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ പോയതുള്‍പ്പെടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സംഭവത്തോടെ പെണ്‍കുട്ടിയുടെ കുടുംബം ഒറ്റപ്പെട്ടു.

ആവശ്യമായ സുരക്ഷ നല്‍കിയില്ലെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി കൂടി വന്നതോടെയാണ് ബാലവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് കമ്മീഷണറോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും കമ്മീഷന്‍ ആവശ്യപെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്ന് ബാലവകാശ കമ്മീഷന്‍ അറിയിച്ചു.

ഇന്നലെ മലപ്പുറം തേഞ്ഞിപ്പാലത്ത് വാടകവീട്ടിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 18 വയസ്സായിരുന്നു.
ഏഴ് മാസം മുമ്പാണ് ബന്ധുക്കളുടെ ലൈംഗികാതിക്രമത്തിനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഫറോക്ക്, കൊണ്ടോട്ടി സ്റ്റേഷനുകളിലായി ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.