രാത്രി വൈകിയും രക്ഷാദൗത്യം; വടകരയില്‍ ഒഴിവായത് വന്‍ ദുരന്തം


വടകര: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ബഹുനിലക്കെട്ടിടത്തിൽ തീപ്പിടിത്തമുണ്ടായ സംഭവത്തിൽ തീയണയ്ക്കാനുള്ള രക്ഷാദൗത്യം രാത്രി വൈകിയും നീണ്ടു. വടകര, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര, ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ആറ് യൂണിറ്റ് വാഹനങ്ങൾ രാത്രി വൈകിയും നീണ്ട ശ്രമകരമായ ദൗത്യത്തിലൂടെയാണ് തീ പൂർണമായും അണച്ചത്.

കെട്ടിടത്തിന്റെ ഫാബ്രിക്കേഷനും റൂഫിലെ അലൂമിനിയം ഷീറ്റും തീയണയ്ക്കൽ മണിക്കൂറുകൾ നീളാൻ കാരണമായി. നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ രക്ഷാദൗത്യത്തിന് കരുത്തായി. തീപ്പിടിത്തം ഉണ്ടായ സാഹചര്യത്തിൽ കടകളിൽ കർശനമായി പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്ന് സ്ഥലത്തുണ്ടായിരുന്ന വടകര എം.എൽ.എ. കെ.കെ. രമ പറഞ്ഞു.

 

വെന്റിലേഷൻ അടച്ചുകൊണ്ടുള്ള നിർമാണം തീയണയ്ക്കൽ ശ്രമകരമാക്കി എന്നാണ് വിലയിരുത്തൽ. തിരക്കേറിയ സമയത്ത് വടകര നഗരത്തിന്റെ ഹൃദയ ഭാഗത്തുണ്ടായ തീപ്പിടിത്തം ഗതാഗതത്തെയും ബാധിച്ചു. പോലീസ് ഏറെ പണിപ്പെട്ടാണ് ഗതാഗതം സാധരണ നിലയിലാക്കിയത്.

ഏതാണ്ട് രണ്ടരമണിക്കൂറോളം രക്ഷാപ്രവർത്തനം നീണ്ടു. ടൗണിലെ ഏറ്റവും തിരക്കേറിയ ഭാഗമായതിനാൽ ആശങ്കയുടെ നിമിഷങ്ങളായിരുന്നു ഇത്രയും സമയം വടകരയ്ക്ക് സമ്മാനിച്ചത്. തീപിടിച്ച കെട്ടിടത്തോടു ചേർന്നുതന്നെ ഒട്ടേറെ കെട്ടിടങ്ങളുണ്ട്. തൊട്ടടുത്ത കെട്ടിടത്തിലാണ് റൂറൽ ബാങ്കിന്റെ ശാഖ പ്രവർത്തിക്കുന്നത്.

തീ പടർന്നാൽ നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിവരും എന്ന കണക്കുകൂട്ടലിലാണ് അഗ്നിശമനസേനയുടെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തിയത്. തീ പടരാതെ കാക്കാൻ ഇത് സഹായിച്ചു. നാട്ടുകാരും കൈയയച്ച് സഹായിച്ചു. നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി.