രാത്രി കര്‍ഫ്യൂ: സംസ്ഥാനത്തെ തിയറ്ററുകളില്‍ പത്തു മണിക്ക് ശേഷം ഇനി സിനിമ പ്രദര്‍ശനം അനുവദിക്കില്ല


തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തീയറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം ഇനി സിനിമ പ്രദർശനം അനുവദിക്കില്ല. താത്‌കാലികമായാണ് നടപടി. ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പുതുവത്സരദിനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏ‍ർപ്പെടുത്തിയതിന്റെ ഭാഗമായാണ് സംസ്ഥാന സ‍ർക്കാർ നടപടി.

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതേ തുടർന്നാണ് തീയറ്ററുകളിൽ രാത്രികാല ഷോകൾ വിലക്കിയത്. ഇത് സംബന്ധിച്ച് സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു.

പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും എന്നും മന്ത്രി സഭ കൂടിയ അവലോകന യോഗത്തിൽ തീരുമാനിച്ചു.