രാത്രി കര്‍ഫ്യൂനോക്കി മോഷണസമയം ക്രമീകരിച്ച് മോഷ്ടാക്കളും; കോഴിക്കോട് നഗരത്തിലെ ക്ഷേത്രത്തിൽ ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് മോഷണം
കോഴിക്കോട്: രാത്രി കർഫ്യൂ നോക്കി മോഷണസമയം ക്രമീകരിച്ച് മോഷ്ടാക്കളും. നഗരമധ്യത്തിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയത് രാത്രി പത്തിനു മുൻപ്. ഭണ്ഡാരം കുത്തിപ്പൊളിച്ച് വൻതുകയാണ് കവർന്നത്. തൊണ്ടയാട് ജംക്‌ഷനു സമീപത്തെ നാരകത്ത് ഭഗവതി ക്ഷേത്രത്തിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. രാത്രി എട്ടുമണിയോടെ ക്ഷേത്രജീവനക്കാർ പോയി.
ഇന്നലെ രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രാത്രി ഒൻപതിനു ശേഷം പത്തിനു മുൻപായാണ് മോഷണം നടന്നതെന്ന് കണ്ടെത്തിയത്. രണ്ടു പേരടങ്ങിയ സംഘമാണ് മോഷണം നടത്തിയത്. ഇതിൽ ഒരാളുടെ മുഖം കൃത്യമായി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
എന്നാൽ ക്ഷേത്രത്തിലെ നാലു സിസിടിവി ക്യാമറകളും പിന്നീട് മോഷ്ടാക്കൾ തകർക്കുകയും ചെയ്തു. മോഷ്ടാക്കൾ ക്ഷേത്രത്തിലെ എല്ലാ ഭണ്ഡാരങ്ങളുടെയും പൂട്ട് കുത്തിപ്പൊളിച്ചു. ക്ഷേത്രം കൗണ്ടറിൽനിന്ന് പണവും ഒരു മൊബൈൽഫോണും കവർന്നു. തുടർന്ന് ക്ഷേത്രജീവനക്കാർ മെഡിക്കൽകോളജ് പൊലീസിൽ പരാതി നൽകി. പൊലീസ് സംഘം സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളും മറ്റു തെളിവുകളം ശേഖരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.