രാത്രിയെ പകലുകളാക്കിയ ഗസല്‍ സന്ധ്യകള്‍, കഥ പറഞ്ഞും പാടിയും പ്രിയപ്പെട്ട എഴുത്തുകാര്‍; വ ഫെസ്റ്റ് ആഘോഷമാക്കി വടകര


വടകര: പാട്ടും ചര്‍ച്ചകളും പറച്ചിലുമായി വ ഫെസ്റ്റ് ആഘോഷമാക്കി വടകര. വൈവിധ്യമാർന്ന കലാ-സാഹിത്യ-സാംസ്കാരിക പരിപാടികളുമായി അഞ്ചാം ദിവസത്തിലേക്ക് കടന്ന രാജ്യാന്തര പുസ്തകോത്സവം വടകരയുടെ ചരിത്രത്തിലാണ് ഇടം പിടിച്ചിരിക്കുന്നത്. പുസ്തകങ്ങള്‍ വാങ്ങാനും തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരെ കേള്‍ക്കാനും ഓരോ ദിനവും നൂറ് കണക്കിന് പേരാണ് മുനിസിപ്പല്‍ പാര്‍ക്കിലേക്ക് ഒഴുകിയെത്തുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആട്ടം സിനിമയുടെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും ആദരമർപ്പിച്ചു കൊണ്ടായിരുന്നു ഫെസ്റ്റിന്‌റെ തുടക്കം.

സഫ്ദർ ഹാഷ്മി നാട്യസംഘം മാതൃഭൂമിയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന്‌ നടക്കുന്ന തിരക്കഥാക്യാമ്പില്‍ നിലമ്പൂര്‍ ആയിഷ, ബെന്യാമിന്‍, ഉണ്ണി ആര്‍, വിനോയ് തോമസ്, ഇന്ദു ഗോപന്‍, സന്തോഷ് എച്ചിക്കാനം, ബിപിന്‍ ചന്ദ്രന്‍സ പിവി ഷാജികുമാര്‍, നടന്‍ രാജേഷ് മാധവന്‍, ആമിര്‍ അലി, ജോബിഷ് വി.കെ, ഷിജു ആര്‍ തുടങ്ങിയവരാണ് വേദികളിലെത്തുന്നത്.

കേരളത്തിൻ്റെ സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിൽ വടകരയുടെ മുദ്ര പതിപ്പിച്ച മൺമറഞ്ഞ പ്രതിഭകളുടെ ഓർമ്മകൾക്ക് ആദരമർപ്പിച്ചും കേരളത്തിലെ പ്രതിഭാധനരായ നിരവധി വ്യക്തിത്വങ്ങൾക്ക് വടകരയുടെ ആദരമർപ്പിച്ചുമാണ് പുസ്തകോത്സവത്തിലെ സാംസ്കാരിക പരിപാടികൾ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ പ്രധാന പ്രസാധകർക്കൊപ്പം രാജ്യാന്തര പ്രസാധക സംഘങ്ങളുടെ പുസ്തകങ്ങളും പുസ്തകോത്സവത്തിൽ ലഭ്യമാണ്‌. നാളെയാണ് ഫെസ്റ്റ് സമാപിക്കുന്നത്‌.

Description: Vadakara celebrated Wa Fest with songs, discussions and talks