രാത്രികൾ ഇരുണ്ടതാണ്: കൊയിലാണ്ടിയിലെ ഡോ.സുധീഷ്. ടി എഴുതിയ രസകരമായ കഥ വായിക്കാം


ഡോ. സുധീഷ്. ടി

കാശത്തിന് കീഴിലുള്ള ഏതു മണ്ണും ജഗന്നാഥന് ഒരു പോലെയാണ് എന്ന ആപ്തവാക്യവും മനസിൽ ഉരുവിട്ടാണ് പി ജി കുത്ത് എന്നറിയപ്പെട്ടിരുന്ന എൻട്രൻസ് പഠന സമയത്തു ജിപി എന്ന് ഓമനപേരിട്ട് വിളിച്ചിരുന്ന് രാത്രി ഡ്യൂട്ടി എടുക്കാൻ മലപ്പുറത്തെ ഒരു ഉൾനാടൻ ഗ്രാമത്തിലേക്കു വെച്ചു പിടിച്ചത്.
സഹമുറിയൻ ആയിരുന്ന ബിജു അപ്പോഴേ പറഞ്ഞു ” പോണ്ട മോനെ,ദൂരം കൂടുതലാണ് പിന്നെ ആ ആശുപത്രിയും അതിന്റെ ചുറ്റുപാടും ദുരൂഹ മരണങ്ങളാലും ഒരുപാട് അപകടങ്ങളാലും പണ്ടേ കുപ്രസിദ്ധമാണ്.”

പറഞ്ഞ വാക്കു അതിനി സാക്ഷാൽ പിതാവ് വന്നു പറഞ്ഞാലും മാറ്റാത്ത കർണാനോടുള്ള ആരാധനകൊണ്ടോ അല്ലേൽ നിത്യ ചിലവിനു അവിലുപൊതിയുമായി സതീർഥ്യനെ കാണാൻ പോയ കുചേലെന്റെ അവസ്ഥയിൽ ആയിരുന്നതു കൊണ്ടോ എന്തോ, മുന്നോട്ടു വെച്ച കാൽ മുന്നോട്ട് എന്ന് തന്നെ തീരുമാനിച്ചു.
അല്ലേലും വരാനുള്ളത് വഴിയിൽ തങ്ങൂലാലോ.

വൈകുന്നേരം ഹോസ്റ്റലിൽ നിന്നിറങ്ങി ബൈക്കിൽ കറങ്ങി തിരിഞ്ഞു ഒടുക്കം സ്ഥലം കണ്ടു പിടിച്ചു.

ഭാർഗവീ നിലയം പോലെ ഒരാശുപത്രി വെറ്റിലക്കറ പിടിച്ച പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട് കറുത്ത് തടിച്ച ഒരാൾ വന്ന് അകത്തേക്കു കൂട്ടികൊണ്ട് പോയി.

മുറിയിൽ ഒരു കട്ടിലും മേശയും മാത്രം മഞ്ഞ വെളിച്ചത്തിൽ മിന്നി മിന്നി കത്തുന്ന ബൾബ് ഏതോ പഴയ കാല പ്രേത ഗൃഹത്തിന്റെ ഓർമ്മകൾ മനസിലേക്കു കൊണ്ടു വന്നു.

“ഇതിനു മുൻപാരാണ് ചേട്ടാ ഈ റൂമിൽ താമസിച്ചിരുന്നത്..”

മറുപടി പറയാതെ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി ഒന്നിരുത്തി മൂളി അയാൾ പുറത്തേക്കു പോയി ഒരു ആരാച്ചാരുടെ ഭാവം മിന്നി മറയുന്ന മുഖം.

വായിക്കാൻ കൊണ്ടുവന്ന പുസ്തകം എടുത്ത് പുറത്ത് വെച്ചു.പക്ഷെ മനസതിൽ നില്കുന്നില്ല.ആകെ ഒരസ്വസ്ഥത.ഒടുവിൽ പുസ്തകം പൂട്ടി വെച്ചു കിടക്കാമെന്നു കരുതി.

പെട്ടന്നാണ് വല്ലാത്ത ഒരു ശബ്ദം മുറിയിലെ കാളിങ് ബെൽ അടിച്ചതാണ്. എഴുന്നേറ്റു താഴേക്കു ചെന്നു നോക്കി. മെലിഞ്ഞു കറുത്ത പെൺകുട്ടിയുമായി ഒരാൾ വന്നിരിക്കുന്നു.

പനിയാണ് കുട്ടിക്ക് പൊള്ളുന്ന പനി.

കുട്ടിയെ പരിശോധിച്ച്
ഇൻജെക്ഷൻ എടുക്കാൻ പറഞ്ഞു റൂമിലേക്ക് തിരിച്ചു പോകാൻ തുടങ്ങിയപ്പോ പുറകിൽ നിന്നൊരലർച്ചയും കരച്ചിലും,കുട്ടിക്ക് അപസ്മാരം.
കണ്ണുകൾ പുറകോട്ടു മറഞ്ഞു പോകുമ്പോൾ കയ് എന്റെ നേരെ ചൂണ്ടി എന്തോ പറയാൻ ശ്രെമിക്കുന്ന പോലെ .
എന്തോ ഒരു അപായസൂചന അതു ഒരു ആന്തലായി ഉള്ളിൽ പടർന്നു.

തിരിച്ചു റൂമിൽ എത്തിയപ്പോൾ ഭക്ഷണം മേശപ്പുറത്തുണ്ടായിരുന്നു

മൂടി നീങ്ങി കിടന്ന കറി പാത്രത്തിനരികിലിരുന്ന് മീശ നക്കി തുടച്ചിരുന്ന കണ്ടൻ പൂച്ച എന്നെ കണ്ടപ്പോൾ എഴുന്നേറ്റോടി.
ഒരു രാത്രി കഴിച്ചില്ലെന്നു വെച്ചു ചത്തു പോവുകയൊന്നുമില്ലല്ലോ.

ഭക്ഷണം കടലാസിൽ തട്ടി പുറത്തു പൂച്ചക്ക് തന്നെ കൊടുത്ത് ഞാൻ ഉറങ്ങാൻ കിടന്നു.
ഏകദേശം ഒരു പന്ത്രണ്ട് മണി കഴിഞ്ഞു കാണും ആരോ വാതിലിൽ ശക്തിയായി തട്ടുന്നു.
“എന്താ സാറെ ബെൽ അടിച്ചിട്ട് എണീറ്റു വരാത്തത് “.

അയാളുടെ നോട്ടത്തിന് കുന്തമുനയുടെ മൂർച്ച.

ഉറക്കത്തിന്റെ കാര്യത്തിൽ കുംഭകർണൻ എന്ന് പേരെടുത്ത ആളാണ് ഇന്നു നിങ്ങളുടെ ഡോക്ടർ എന്ന് അയാളോട് പറയാൻ പറ്റുമോ?.

താഴെ ചെന്നു നോക്കിയപ്പോ ഒരു ജീപ്പിൽ മൂന്നു നാലാൾക്കാർ എല്ലാവരെയും നന്നായി മദ്യം മണക്കുന്നുണ്ട്.
എന്നെ ഉറ്റു നോക്കികൊണ്ടിരുന്ന ഒരുത്തന്റെ കണ്ണിൽ എന്തോ ഒരു ചതിയില്ലേ?

എന്താ പ്രശ്നം?

“ഡോക്ടറെ കോളനിയിൽ നിന്ന് വന്നതാണ് ഒരാൾക്ക് അനക്കമില്ല ഒന്ന് വന്നു നോക്കണം, ജീപ്പിൽ പോവാം.”

ഒന്ന് ഞെട്ടി, പുതിയ സ്ഥലം പരിചയമില്ലാത്ത ആൾക്കാർ ബിജുവിന്റെ മുന്നറിയിപ്പ്.

“ക്ഷമിക്കണം എനിക്കിവിടെ ഡ്യൂട്ടിയാണല്ലോ,വരാൻ പറ്റില്ല “ഒഴിയാൻ ശ്രെമിച്ചു.

“അങ്ങിനെ പറയരുത് ഡോക്ടറെ വേറെ വഴിയില്ലാത്തോണ്ടാ…”

“അയ്യോ പറ്റാത്തൊണ്ടല്ലേ ഒന്ന് പറഞ്ഞു കൊടുക്കു ഞാൻ പ്രതീക്ഷയോടെ നേഴ്സ് നെ നോക്കി..””കുഴപ്പമില്ല സാറെ സാറ് പോയിട്ടു വന്നോ…”

പിന്നിൽ നിന്ന് കുത്തുക എന്നാൽ എന്താണെന്നു ശെരിക്കും ഫീൽ ചെയ്ത നിമിഷം.

മനസില്ലാ മനസോടെ അങ്ങനെ അവരോടൊപ്പം പുറപ്പെട്ടു കവുങ്ങിൻ തോപ്പുകളും ചെറിയ കുന്നുകളും കടന്നു കുലുങ്ങി കുലുങ്ങി യാത്ര തുടർന്ന് ഒടുക്കം ഒരു വയൽ വരമ്പിൽ ജീപ്പ് നിന്നു.

” ഇതിനപ്പുറത്താണ്, കുറച്ചു നടക്കണം, ഞാൻ മുൻപേ നടക്കാം “ഒരാൾ ഏങ്ങി വലിഞ്ഞു മുൻപേ നടന്നു തുടങ്ങി.

മിന്നാമിനുങ്ങുപോലെ മിന്നുന്ന ഒരു ടോർച്ച് ലോകത്തിന്റെ മറ്റേ അറ്റത്തെത്തിയ പോലത്തെ ഒരനുഭവം.

പത്തു മിനിറ്റ് നടന്നപ്പോൾ വീടെത്തി.
ഓല മേഞ്ഞ ഒരു കുടിൽ അവിടെ ഒരാളെ വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്നു.

തല ഭാഗത്തു ചന്ദനതിരി കത്തിച്ചു വെച്ചിട്ടുണ്ട് കാലുകൾ കൂട്ടി കെട്ടിയിരിക്കുന്നു.
പിന്നെ എന്തിനാണ് ഇവർ എന്നെ വിളിച്ചോണ്ട് വന്നത്, ഒന്നും ചോദിച്ചില്ല …കയ് പിടിച്ചു നാഡി മിടിപ്പു നോക്കി, ഹൃദയമിടിപ്പും കണ്ണും പരിശോധിച്ച് മരണപെട്ടു എന്ന് പറഞ്ഞപ്പോൾ തലക്കലിരുന്ന സ്ത്രീ എന്നെ നോക്കി ഒന്ന് ചിരിച്ചു, ഏതോ ഒരു കോണിൽ പുച്ഛം മിന്നി മായുന്ന ഒരു ചിരി.

തിരിച്ചു നടന്ന് വയൽ വരമ്പിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന നാലു പേരിൽ രണ്ടു പേരെ കാണാനില്ല. വയലിനക്കരെ വന്ന ജീപ്പില്ല പകരം ഒരു ബൈക്ക്.

“ഇതെതെന്റെയാ, സാറ് കേറി നടുക്കിരുന്നോ രാജൻ പിന്നിൽ കേറിക്കോളും” കൂടെ വന്ന ചെറുപ്പകാരൻ പറഞ്ഞു .

കുണ്ടും കുഴിയും ചാടി മറിഞ്ഞു ബൈക്ക് ഓടിത്തുടങ്ങി. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു വീടിന്റെ മുന്നിൽചെന്നു ബൈക്ക് പെട്ടന്ന് നിന്നു.
“സാറെ ഇതെന്റെ വീടാട്ടോ ഞാനിവിടെ ഇറങ്ങാണ് അമ്മ തനിച്ചാണ് വീട്ടിൽ രാജാ നീ വിടൂലെ സാറിനെ? ബൈക്ക് എടുത്തോ”

“വേണ്ടടാ ഇത്തിരി ദൂരമല്ലേ ഉള്ളു ഞങ്ങൾ നടന്നോളാം, വാ സാറെ നടത്തം ആരോഗ്യത്തിന് നല്ലതല്ലേ “.

കക്ഷി മുന്നിൽ നടന്നു തുടങ്ങി പുറകെ നടന്നു തുടങ്ങിയാപ്പോഴാണ് ഒരു കാര്യം മനസിലായത് ആളു നന്നായി ആടുന്നുണ്ട്….

“ആ ബൈക്കിൽ നിന്നു വീണു രണ്ടു പേര് മരിച്ചതാ അതാ ഞാൻ നൈസ് ആയിട്ട് വണ്ടി വേണ്ടാന്ന് പറഞ്ഞത്”..

കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ അയാൾ അവിടെ നിന്നു പുറകിൽ നടന്നു വന്ന എന്റെ നേരെ തിരിഞ്ഞു.
സാറെ എന്റെ വീട് ഇവിടന്നു ഇടത്തോട്ടാണ് ആ വിളക്കും കാല് കാണുന്നില്ലേ അതു മെയിൻ റോഡ് ആണ് അവിടന്ന് നേരെ നടന്നാൽ ആദ്യത്തെ ജംഗ്ഷനിൽ നിന്നു വലത്തോട്ട് ഒരു നൂറു മീറ്റർ പോയാൽ ആശുപത്രിയായി അപ്പൊ രാത്രിയിൽ യാത്രയില്ല ഗുശ് നൈറ്റ്‌ വഴുക്കുന്ന കാലുകളും ചിതറുന്ന വാക്കുകളുമായി അയാൾ വഴി പിരിഞ്ഞു.
പനകളും കവുങ്ങുകളും നിറഞ്ഞ ആ തോട്ടത്തിൽ ഞാൻ തനിയെ.

അന്ന് ഇന്നത്തെ പോലെ പ്രേതങ്ങൾ ഫ്രിഡ്ജിലേക്കും മൊബൈലിലേക്കും ഒന്നും താമസം മാറ്റിയിരുന്നില്ല.

മൂത്രം ഒഴിക്കാൻ മുട്ടിയിട്ട് വയ്യ പക്ഷെ ഒഴിക്കണമെങ്കിൽ നില്കണ്ടേ… നില്കുന്നത് പോയിട്ട് തിരിഞ്ഞു നോക്കുന്നത് പോലും ചിന്തിക്കാൻ വയ്യ…

ശ്രീകൃഷ്ണപരുന്തും “കുമാരേട്ട “എന്ന വിളിയും മനസിൽ കിടന്നു കറങ്ങിക്കൊണ്ടിരുന്നു. വിളക്കുകാലിലേക്കു നടക്കും തോറും അതിന്റെ ദൂരം കൂടി കൂടി വരുന്നപോലെ, പിന്നിൽ ആരോ നടക്കുന്നുണ്ടോ? ഒരു ശബ്ദം
ഞാൻ നിന്നപ്പോൾ അതും നിന്നു.
തിരിഞ്ഞു നോക്കണ്ട അല്ലേലും തിരിഞ്ഞു നോക്കിയിട്ട് ഇപ്പൊ എന്തു കിട്ടാൻ കാലുകൾക്കു ചിറകു മുളച്ചു ഞാൻ ഓടി റോഡിൽ കയറി ഇടത്തോട്ട് എന്ന് പറഞ്ഞത് റോഡിന്റെ ഇടത്തണോ അതോ അയാളുടെ ഇടത്തണോ അയാൾ എന്റെ നേരെ തിരിഞ്ഞു നിന്നല്ലേ പറഞ്ഞത് പറഞ്ഞത് ഇടത് എന്നാണേലും കയ് ചൂണ്ടിയത് വലത്തോട്ടാണല്ലോ ചതിച്ചല്ലോ മുത്തപ്പാ..

ഞാൻ റോഡിന്റെ ഇടതു ഭാഗത്തേക്കു നടന്നു തുടങ്ങി പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും എവിടെയും എത്തുന്നില്ല കുറുക്കന്മാരുടെ ഓരിയിടൽ കൂടി കൂടി വരുന്നു, തണുത്ത കാറ്റിന് മരണത്തിന്റെ മണം.
ഭയം അതൊരു തിരമാലയായി തുടങ്ങി സുനാമിയായി മാറുമ്പോൾ കയ്യും കാലും തളരുന്ന പോലെ.ഒടുവിൽ വന്ന വഴിയേ
തിരിച്ചു നടക്കാൻ തുടങ്ങി നടന്നു നടന്നു വന്നു കേറിയ ഇടവഴിയും കടന്ന് വീണ്ടും മുൻപോട്ട് കുറെ ദൂരം പിന്നെയും കഴിഞ്ഞിട്ടും ഞാൻ റോഡിൽ തന്നെ…

കുറുക്കൻമാരുടെ ഓരിയിടൽ ഒരു ഭാഗത്തു മൂങ്ങകളുടെ മൂളൽ മറുഭാഗത്തു ഒന്ന് ബോധം പോയിരുന്നേൽ പിറ്റേ ദിവസം എണീറ്റാൽ മതിയായിരുന്നല്ലോ എന്ന് ചിന്തിച്ചു പോയ നിമിഷങ്ങൾ.
പുറകിൽ നിന്നും പെട്ടന്നൊരു ഹോൺ അറിയാതെ സൈഡിലേക്കു ചാടി മാറിപ്പോയി
ഒരു കറുത്ത കാർ” ചാവാൻ ഇറങ്ങിയതാണോടാ നട്ടപാതിരക്കു ”

കാറിൽ നിന്നു പുറത്തേക്കു തലയിട്ടു ഒരാൾ ശബ്ദമുയർത്തി.

ഹാവൂ ശത്രുവാണേലും കുഴപ്പമില്ല മനുഷ്യനല്ലേ ഞാൻ ആശ്വസിച്ചു.

“ചേട്ടാ ഡോക്ടർ ആണ്”

സ്റ്റെതുയർത്തി തെളിവ് കാണിച്ചു നടന്നതെല്ലാം ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു നിർത്തി. ‘ഡോക്ടറെ നിങ്ങൾ നടക്കുന്നത് നേരെ എതിർ ദിശയിലാണ് ഹോസ്പിറ്റലിലേക്ക് ഒരു മൂന്ന് കിലോമീറ്റർ ദൂരം ഉണ്ട് വാ കേറി ഞങ്ങൾ കൊണ്ട് വിടാം.”
ഒറ്റ ചാട്ടത്തിന് ഞാൻ കാറിൽ കേറി.

ആശുപത്രിയുടെ മുന്നിൽ കാർ നിർത്തി അവർ എന്നോടൊപ്പം അകത്തേക്കു കേറി വന്നു.

റീസെപ്ഷനിൽ എത്തിയതും അവർ ബെല്ലിൽ കയ് അമർത്തിപിടിച്ചു. ആരോടോ ഉള്ള കലി തീർക്കുന്ന പോലത്തെ പിടിത്തം.
സിസ്റ്റർ പുറത്തേക്കോടിവന്ന് അവരെയും എന്നെയും മാറി മാറി നോക്കി.

വല്ലാത്തൊരു പകപ്പ് അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്നു..
“ശ്മശാനത്തിന്റെ മുന്നിൽ ചുറ്റി തിരിയുകയായിരുന്നു നിങ്ങടെ ഡോക്ടർ, ഒരുത്തനെ കൊലക്കു കൊടുത്തിട്ടും നീയൊന്നും പഠിച്ചിട്ടില്ല അല്ലെ, അയാൾ ചവിട്ടി കുലുക്കി തിരിച്ചു പോവുമ്പോൾ എന്നെ തിരിഞ്ഞു നോക്കി, എന്നിട്ട് പറഞ്ഞു “അഞ്ചെരക്കൊരു ബസുണ്ട് ജീവനും കൊണ്ട് വീട് പിടിക്കാൻ നോക്ക് “…..
തിരിച്ചു വരുമ്പോൾ മനസിലിരുന്നാരോ മന്ത്രിച്ചു കഥകളാണ് എല്ലാം,

പക്ഷേ, ചില അനുഭവങ്ങൾ കഥകളെക്കാൾ വിചിത്രവും…