രാജ്യത്ത് കോവിഡ് തരംഗത്തിന്റെ തീവ്രത ജൂണ്‍ പകുതിയോടെ കുറയുമെന്ന് പഠനം


തിരുവനന്തപുരം: കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂണ്‍ പകുതിയോടെ കുറയുമെന്ന് പഠനം. ഒക്ടോബറോടെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും കാണ്‍പുര്‍ ഐഐടി നടത്തിയ പഠനത്തില്‍ പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ മികച്ചഫലമാണ് ഉണ്ടാക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. മനീന്ദര്‍ അഗര്‍വാള്‍ സ്വകാര്യ എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട പ്രവചനങ്ങളില്‍ ഇതുവരെ കൃത്യമായത് കാണ്‍പുര്‍ ഐഐടിയുടേതാണ്. ‘സുത്ര’ എന്നൊരു മാതൃകയുണ്ടാക്കിയാണ് ഇവരുടെ പഠനം. ഉത്തര്‍പ്രദേശില്‍ കോവിഡ് നിയന്ത്രണമില്ലാതെ പടര്‍ന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കാണ്‍പുര്‍ ഐഐടിയിലെ ഉദ്യോഗസ്ഥരെ ആശ്രയിച്ചിരുന്നു. മെയ് പകുതിയോടെ രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി മറികടക്കുമെന്ന് ഇവര്‍ പ്രവചിച്ചിരുന്നു.

പൊതുവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇത് ശരിവയ്ക്കുകയാണ് ഐസിഎംആറിലെ വിദഗ്ധരും. എന്നാല്‍, മൂന്നാം തരംഗത്തിന്റെ വ്യാപ്തി എത്രയുണ്ടാകുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാകാത്ത സാഹചര്യമാണെന്നും മനീന്ദര്‍ അഗര്‍വാള്‍ പറഞ്ഞു.