രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതലുള്ള 22 ജില്ലകളില്‍ ഏഴെണ്ണം കേരളത്തില്‍; കണക്ക് പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം


കോഴിക്കോട്: രാജ്യത്ത് കൊവിഡ് വ്യാപനം കൂടിയ 22 ജില്ലകളില്‍ 7 എണ്ണവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ പത്ത് ജില്ലകളില്‍ 10 ശതമാനത്തിന് മുകളില്‍ ടിപിആര്‍ രേഖപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ മഴക്കാല രോഗങ്ങള്‍ പടരുന്നുണ്ട്. ഇതിനെതിരെ ജനങ്ങള്‍ മുന്‍കരുതലെടുക്കണം. മറ്റ് രോഗങ്ങളുടെ വ്യാപനം കൂടി വന്നാല്‍ കൊവിഡ് പ്രതിരോധം ദുഷ്‌കരമാകും എന്നത് ഗൗരവത്തോടെ കാണണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

അതേസമയം വാക്‌സീന്‍ ക്ഷാമം നേരിടുന്ന കേരളത്തിന് ആവശ്യമായ വാക്‌സീന്‍ സ്റ്റോക്ക് ഉടനെ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍ഷൂഖ് മാണ്ഡവ്യ അറിയിച്ചു. തന്നെ സന്ദര്‍ശിക്കാനെത്തിയ കേരളത്തിലെ ഇടത് എംപിമാരോടാണ് ആരോ?ഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎം രാജ്യസഭാകക്ഷി നേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലാണ് ഇടത് എംപിമാര്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടത്.