രാജ്യത്ത് ഇന്ധന വില കുറയും; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രം


ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഇന്ധനവിലക്ക് താത്കാലിക ആശ്വാസം. പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തിയത്.
ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഇളവ് വരുത്തിയ വില പ്രാബല്യത്തില്‍ വരും.

ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. ഇന്ധനോത്പാദനം വര്‍ധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങള്‍ രാജ്യങ്ങള്‍ അറിയിച്ചതിനാല്‍ വരും ദിവസങ്ങളില്‍ വില ഇനിയും കൂടാന്‍ സാധ്യതയുണ്ടായിരുന്നു. ഇത് വന്‍ പ്രതിഷേധങ്ങളിലേക്ക് നയിച്ചേക്കാം എന്ന സാഹചര്യം നിലനില്‍ക്കെയാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി ഇനത്തില്‍ കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി നിലവില്‍ പെട്രോൾ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 115.85 രൂപ, ഡീസലിന് 106.62 രൂപ. കൊൽക്കത്തയിൽ പെട്രോളിന് 106.66 രൂപ, ചെന്നൈയിൽ പെട്രോൾ വില 102.59 രൂപ. കേരളത്തില്‍ ഏഴ് ദിവസം തുടർച്ചയായി ഇന്ധന വില വർധിച്ചു. ഇന്നത്തെ പെട്രോൾ, ഡീസൽ വില ഇന്നലത്തേതിന് സമാനമാണ്. കേരളത്തിൽ 110 രൂപയ്ക്ക് മുകളിലാണ് എല്ലാ ജില്ലകളിലും പെട്രോൾ വില. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇന്ന് തിരുവനന്തപുരത്താണ്, 112 രൂപ 41 പൈസ.

സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില വർധിക്കാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെ പെട്രോൾ വില 31 ശതമാനവും ഡീസൽ വില 33 ശതമാനവുമാണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോൾ വില 26.06 രൂപയും ഡീസൽ വില 25.91 രൂപയും വർധിച്ചു.ഇതേ കാലത്ത് ക്രൂഡ് ഓയിൽ വില ഇരട്ടിയായി. ഒക്ടോബറിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ബാരലിന് ശരാശരി 40.66 ഡോളറിലേക്ക് താഴ്ന്ന ക്രൂഡ് വില, കഴിഞ്ഞമാസം 86 ഡോളറിലെത്തി. ജനുവരിയിൽ 54.79 ഡോളറായിരുന്നു ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ശരാശരി വില. ഇന്ധന ഉൽപ്പാദകരിലെ ആഗോള ഭീമനായ സൗദി അരാംകോ 158 ശതമാനം ലാഭവർധന നേടി.