രാജേഷിന്റെ സത്യസന്ധതയ്ക്ക് മുന്നില്‍ കടപ്പെട്ട് കാപ്പാട് സ്വദേശി നിസാറും കുടുംബവും; നഷ്ടപ്പെട്ട പേഴ്‌സും പണവും തിരികെ നല്‍കി ടിപ്പര്‍ ലോറി ഡ്രൈവര്‍ മാതൃകയായി


കൊയിലാണ്ടി: നഷ്ടപ്പെട്ട പേഴ്‌സും പണവും തിരികെ നല്‍കി ടിപ്പര്‍ ലോറി ഡ്രൈവര്‍ മാതൃകയായി. പൂവാട്ട് പറമ്പ് സ്വദേശി രാജേഷാണ് വീണ് കിട്ടിയ പേഴ്‌സ് ഉടമയ്ക്ക് തിരികെ നല്‍കിയത്. കാപ്പാട് സ്വദേശി നിസാറിന്റെ പേഴ്‌സാണ് കഴിഞ്ഞ വെള്ളിയാഴ്ച പൂക്കാട്ടിരിയില്‍ വെച്ച് നഷ്ടപ്പെട്ടത്.

കാപ്പാട് നിന്നും ഫുഡ് ഡെലിവറി ചെയ്യുന്നതിനായി പുറക്കാട്ടിരിയിലേക്ക് പോകും വഴിയാണ് ഇദ്ദേഹത്തിന്റെ പേഴ്‌സ് നഷ്ടപ്പെട്ടത്. പേഴ്‌സില്‍ പതിനായിരം രൂപയോളം ഉണ്ടായിരുന്നതായി നിസാര്‍ പേരാമ്പ്ര ന്യൂസ് ഡോഡ് കോമിനോട് പറഞ്ഞു.

പണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ ഇദ്ദേഹം ഫേസ്ബുക്കില്‍ പേഴ്‌സ് നഷ്ടമായെന്നും, കണ്ടെത്തുന്നവര്‍ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് പോസ്റ്റ് ചെയ്തു. ലോറിയുമായി ഇത് വഴി കടന്ന് പോയ രാജേഷിന് ഈ പേഴ്‌സ് ലഭിക്കുകയായിരുന്നു. പേഴ്‌സ് ലഭിച്ച വിവരം രാജേഷും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കൂടാതെ ലോറി ഡ്രൈവര്‍മാരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയിലും ഷെയര്‍ ചെയ്തു. ഇന്നലെ വൈകീട്ടോടെ നിസാറിന്റെ വീട്ടിലെത്തിയ രാജേഷ് നിസാറിന് സ്വന്തം പേഴ്‌സും പണവും തിരികെ നല്‍കി.