രാജി സന്നദ്ധത അറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കേന്ദ്ര നേതൃത്വത്തോടാണ് മുല്ലപ്പളളി നിലപാട് അറിയിച്ചത്.

പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല ഒഴിയാന്‍ അനുവദിക്കണമെന്നുമാണ് മുല്ലപ്പളളി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഏകപക്ഷീയ തീരുമാനം എടുക്കരുതെന്ന് മുല്ലപ്പളളിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാജയത്തിന് കൂട്ടുത്തരവാദിത്തമുണ്ട്. അതിനാല്‍ കൂട്ടായ ആലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും ചെന്നിത്തല മുല്ലപ്പളളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്നലെയായിരുന്നു. എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയം നേടി. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 44 വര്‍ഷത്തെ ചരിത്രം തിരുത്തിയാണ് ഇടത് മുന്നണി വീണ്ടും അധികാരത്തിലേറുന്നത്.