രാജസ്ഥാനിലെ കുഞ്ഞുങ്ങള്‍ക്കൊരു രക്ഷകനുണ്ട്, പട്ടിണിയകറ്റി അവരെ നെഞ്ചോടു ചേര്‍ത്തൊരു മലയാളി; കൂരാച്ചുണ്ട് സ്വദേശിയുടെ നന്മവഴികള്‍ ലോകമറിയട്ടെ


കൂരാച്ചുണ്ട്: ഡോ.ഏറത്തേല്‍ സുനില്‍ രാജസ്ഥാനിലെ കുഞ്ഞുങ്ങളുടെ സംരക്ഷകനാണ്.
രാജസ്ഥാനിലെ തെരുവുകളില്‍ അലയുന്ന ബാല്യങ്ങള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും നല്‍കിക്കൊണ്ട് തുണയാവുകയാണ് കൂരാച്ചുണ്ട് സ്വദേശിയായ ഈ അധ്യാപകന്‍. 1995-ല്‍ അജ്മീറിലെ സെയ്ന്റ് ആന്‍സ്ലെംസ് സ്‌കൂളില്‍ അധ്യാപകനായെത്തിയ സുനില്‍ ജോസിന് അജ്മീറിലെ ഫാക്ടറികളില്‍ ആറുമുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ തുച്ഛ വേതനത്തിനായി ജോലിചെയ്യുന്നത് കണ്ടപ്പോഴാണ് ചേരി പ്രദേശത്തുനിന്നുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹം തോന്നിയത്.

ആദ്യം അഞ്ച് കുട്ടികളെയാണ് പഠിപ്പിച്ചിരുന്നത്. ഇവരില്‍ മൂന്നു കുട്ടികള്‍ ഭുവനേശ്വര്‍ ഐ.ഐ.ടി.യില്‍ അഞ്ഞൂറില്‍ താഴെയുള്ള റാങ്കുകളിലെത്തി. ഒരാള്‍ക്ക് ടോക്കിയോയില്‍ ജോലിയുമായി. അതോടെ ലക്ഷ്യം ഡോ. സുനിലിന് മുന്നില്‍ കൂടുതല്‍ തെളിഞ്ഞു. ഇപ്പോള്‍ 300 കുട്ടികളാണ് അദ്ദേഹത്തിന്റെ സഹായത്താല്‍ അറിവ് നേടുന്നത്. പ്രൈമറി തലത്തിലുള്ള 150 കുട്ടികളുടെ ഭക്ഷണവും ഇദ്ദേഹം കണ്ടെത്തുന്നുണ്ട്. രാജസ്ഥാന്‍ ജയിലില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്കായി ക്ലാസ്മുറി ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ ഒരു അധ്യാപികയെ നിയമിച്ച് 12 കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുമുണ്ട്.

”മദര്‍ തെരേസയാണ് എന്റെ മാതൃക നൂറ്റന്‍പതോളം കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ എന്ത് ചെയ്യുമെന്ന് ആലോചിക്കാറുണ്ട്. അപ്പോഴേക്കും ഏതെങ്കിലും സന്നദ്ധ സംഘടനകളോ ക്ലബ്ബുകളോ സുമനസ്സുകളോ സഹായത്തിനെത്താറുണ്ട്. എന്റെ അടുത്തെത്തുന്ന കുട്ടികളെ ഭിക്ഷാടനത്തിലേക്ക് വീഴാതെ സാധാരണജീവിതം നയിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റിയെടുക്കുകയാണ് ഉദ്ദേശ്യം’-സുനില്‍ പറയുന്നു. കുട്ടികള്‍ വരും തലമുറയുടെ പ്രതീക്ഷകളാണ്. അവരുടെ ഭാവിക്കായി ജിവിതം സമര്‍പ്പിച്ച ഈ അധ്യാപകന്‍ എന്നും മാതൃകയാണ്.