രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നു; വിശദാംശങ്ങൾ അറിയാം
തിരുവനന്തപുരം: രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലാകും വാക്‌സിനേഷന്‍ ആരംഭിക്കുക.
കുട്ടികള്‍ക്കായുള്ള വാക്‌സിന്റെ രണ്ടാംഘട്ട മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വാക്‌സിനേഷന്‍ ആരംഭിക്കും. കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കാനായി രാജ്യം വിപുലമായ തയാറെടുപ്പുകള്‍ നടത്തിവരികയാണെന്ന് എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ രണ്‍ ദിപ് ഗുലെറിയ അറിയിച്ചു.
കൊവാക്‌സിന്‍ ആയിരിക്കും കുട്ടികള്‍ക്ക് ആദ്യം ലഭ്യമാകുന്നത്. എന്നാല്‍ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് തത്കാലം പൂര്‍ണ അനുമതി നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര വിദഗ്ദ്ധ സമിതിയുടെ തീരുമാനം. അടിയന്തര ഉപയോഗത്തിന് അനുമതി തുടരും. ഗര്‍ഭിണികളിലെ കുത്തിവയ്പ്പിനും തത്കാലം അനുമതിയില്ല.
കൊവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന മൂന്നാംഘട്ട പരീക്ഷണ റിപ്പോര്‍ട്ട് ഇന്നലെ ഡിജിസിഐ അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരാനാണ് തീരുമാനിച്ചത്.