‘രണ്ട് പല്ല് ഇളകിപോയി, മൂക്കില്‍ നിന്നും ചോര വന്നു’; വടകര പുറങ്കരയില്‍ അയല്‍വാസി വീട്ടില്‍ കയറി അക്രമിച്ചതായി ദമ്പതികളുടെ പരാതി


വടകര: പുറങ്കരയില്‍ അയല്‍വാസികള്‍ അക്രമിച്ചതായി ദമ്പതികളുടെ പരാതി. വളപ്പില്‍ പുറങ്കര ഫാമിദ് (38), ഭാര്യ ഫൗമിദ (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വീടിന്റെ പണി കഴിഞ്ഞ ശേഷമുള്ള ടൈല്‍സിന്റെ കഷ്ണങ്ങള്‍ വീടിന് സമീപത്തായി വച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.

തന്റെ പറമ്പിന് സമീപത്തായി എന്തിനാണ് ടൈല്‍സ് കഷ്ണങ്ങള്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചത് എന്ന് ചോദിച്ച് അയല്‍വാസികളായ അച്ഛനും മകനും ഉച്ചയോടെ വീട്ടിലേക്ക് കയറുകയായിരുന്നു. പിന്നാലെ വാക്കുതര്‍ക്കമുണ്ടാവുകയും അയല്‍വാസികള്‍ ഫാമിദിനെ മുറിയില്‍ നിന്ന് വലിച്ചിഴച്ച് മര്‍ദ്ദിച്ചെന്നും ഭാര്യ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

ഭര്‍ത്താവിനെ അടിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ച തനിക്കും മര്‍ദനമേറ്റതായി ഭാര്യ പറഞ്ഞു. അക്രമണത്തില്‍ ഫാമിദിന്റെ കൈക്കും, കാലിനും പല്ലിനും പരിക്ക് പറ്റിയിട്ടുണ്ടെന്നും, രണ്ട് പല്ലുകള്‍ ഇളകിപോയെന്നും ഫൗമിദ പറഞ്ഞു. ഇരുവരും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Description: couple injured in Vadakara Purangara attack by neighbor