രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് താത്കാലിക ഇളവ് അനുവദിച്ച് കർണാടക
കോഴിക്കോട്: രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് താത്കാലിക ഇളവ് അനുവദിച്ച് കര്‍ണാടക. ആര്‍ടിപിസിആര്‍ സാമ്പിള്‍ നല്‍കിയ ശേഷം കര്‍ണാടകയിലേക്ക് പ്രവേശനാനുമതി നല്‍കി. തലപ്പാടിയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് പ്രത്യേക യാത്രാ സൗകര്യം ഏര്‍പ്പെടുത്തി.
ഇന്ന് മുതല്‍ കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന ആരംഭിച്ചിരിക്കുകയാണ് പൊലീസ്. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. തലപ്പാടിയിലും വാളയാറിലും കര്‍ണാടക, തമിഴ്‌നാട് പൊലീസിന്റെ പരിശേധന ശക്തമാണ്.
കര്‍ണാടകത്തിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് തലപ്പാടി അതിര്‍ത്തി വരെ മാത്രമേ ഉണ്ടാകൂ. തലപ്പാടി അതിര്‍ത്തിയില്‍ നിന്ന് നഗരത്തിലേക്ക് കര്‍ണാടക ബസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസി ആര്‍ പരിശോധന ഫലം കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയില്‍ നിന്ന് എത്തുന്നവര്‍ക്കും നിബന്ധന ബാധകമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
ഇതിന് പിന്നാലെ തമിഴ്‌നാടും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് ഇന്നലെ ഉത്തരവിറക്കി. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്. നിയന്ത്രണം ഈ മാസം അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും.