രണ്ടുമാസമായി ശമ്പളമില്ല; ബാലുശ്ശേരിയില്‍ നൂല്‍നൂല്‍പ്പ് തൊഴിലാളികള്‍ ദുരിതത്തില്‍


ബാലുശ്ശേരി : നിര്‍മല്ലൂര്‍ ഗാന്ധിസ്മാരക നൂല്‍നൂല്‍പ്പ് കേന്ദ്രത്തിലെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. കഴിഞ്ഞ രണ്ടുമാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് തൊളിലാളികള്‍ ദുരിതത്തിലാണ്. കുടുംബം പുലര്‍ത്താന്‍ പെടാപ്പാട് പെടുകയാണിവര്‍. കാലപ്പഴക്കത്താല്‍ പൊളിഞ്ഞുവീഴാറായ കെട്ടിടത്തിനുള്ളിലാണ് 30 തൊഴിലാളികള്‍ ജോലിചെയ്യുന്നത്.

കെട്ടിടത്തിന്റെ പലഭാഗങ്ങളിലും ഓട് തകര്‍ന്നതിനാല്‍ ചോര്‍ന്നൊലിച്ച് നൂല്‍നൂല്പ് യന്ത്രങ്ങളും സാധനസാമഗ്രികളും നശിക്കുകയാണ്. തുച്ഛമായ വേതനത്തിനാണ് തൊഴിലാളികള്‍ ഇവിടെ ജോലിചെയ്യുന്നത്. രാവിലെ മുതല്‍ വൈകുന്നേരംവരേ ജോലിചെയ്താല്‍ ലഭിക്കുക നൂറുരൂപയില്‍ താഴെ. പരമാവധി മാസവരുമാനം 3000 രൂപ. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനംപോലും ഇവര്‍ക്ക് കിട്ടുന്നില്ല.

30 വര്‍ഷമായി ജോലിചെയ്യുന്ന തൊഴിലാളികള്‍വരെയുണ്ടിവിടെ. യന്ത്രസഹായമില്ലാതെ കൈകൊണ്ട് നൂല്‍നൂല്‍ക്കുന്നതിനാല്‍ ശാരീരിക അവശത നേരിടുന്നവരാണ് ഏറേപ്പേരും. നൂല്‍നൂല്‍പ്പ് കേന്ദ്രത്തില്‍ ഇതേവരെ വൈദ്യുതിപോലും എത്തിയിട്ടില്ല.

വേനല്‍ ക്കാലത്ത് വിയര്‍ത്തൊലിച്ച് വേണം പണിയെടുക്കാന്‍. കേരളഗാന്ധി സ്മാരകനിധിയുടെ കീഴിലാണ് നിര്‍മല്ലൂരിലെ നൂല്‍നൂല്‍പ്പ്‌കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നിര്‍മല്ലൂര്‍ ഗ്രാമനിര്‍മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തകരാണ് തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ പലപ്പോഴായി നല്‍കാറുള്ളത്. വേതനം കൃത്യമായി നല്‍കണമെന്നും പൊളിഞ്ഞ് വീഴാറായ കെട്ടിടം പുതുക്കിപ്പണിയണമെന്നുമാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.