രണ്ടാംഘട്ട നവീകരണത്തിന് തയ്യാറെടുത്ത് കോഴിക്കോട് നഗരപാത


കോഴിക്കോട്: നഗര പാതാ നവീകരണത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10 റോഡുകളുടെ ഡി.പി.ആര്‍ തയ്യാറായി. 29 കിലോമീറ്റര്‍ ദൂരത്തില്‍ 10 റോഡുകളാണ് രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്.

മാളിക്കടവ് – തണ്ണീര്‍പ്പന്തല്‍ റോഡ്, കരിക്കാംകുളം – സിവില്‍ സ്റ്റേഷന്‍ – കോട്ടൂളി, കോവൂര്‍ – മെഡിക്കല്‍ കോളേജ് – മുണ്ടിക്കല്‍ത്താഴം, മൂഴിക്കല്‍ – കാളാണ്ടിത്താഴം, മിനി ബൈപാസ് – പനാത്തുതാഴം മേല്‍പ്പാലം, മാങ്കാവ് – പൊക്കുന്ന് – പന്തീരാങ്കാവ്, മാനാഞ്ചിറ – പാവങ്ങാട്, കല്ലുത്താന്‍കടവ് – മീഞ്ചന്ത, കോതിപ്പാലം – ചക്കുംകടവ് – പന്നിയങ്കര മേല്‍പ്പാലം, അരയിടത്തുപാലം – ചെറൂട്ടി നഗര്‍, സിഡബ്ല്യുആര്‍ഡിഎം – പെരിങ്ങളം എന്നീ റോഡുകളും ഒരു മേല്‍പ്പാലവുമാണ് രണ്ടാം ഘട്ടത്തില്‍ പരിഗണിക്കുന്നത്.

റോഡ് വികസനത്തിന്റെ ഭാഗമായി ഇന്റര്‍ലോക്ക് വിരിച്ച നടപ്പാത, ഇരുമ്പു കൈവരികള്‍, സിഗ്‌നല്‍, പുല്‍ത്തകിടി, മേല്‍പ്പാലത്തില്‍ നടപ്പാത, വിളക്കുകള്‍ തുടങ്ങിയവ ഒരുക്കും. കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖേന നടപ്പിലാക്കുന്ന നഗരപാതാ വികസനം ഈ വര്‍ഷം തന്നെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.