രഞ്ജി ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മല്‍ ടീമില്‍, ശ്രീശാന്ത് മടങ്ങിയെത്തി


തിരുവനന്തപുരം: 2021-22 സീസണിലേക്കുള്ള രഞ്ജി ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി ക്യാപ്റ്റനും വിഷ്ണു വിനോദ് വൈസ് ക്യാപ്റ്റനായും ടീമിനെ നയിക്കും. ശ്രീശാന്ത് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. മത്സരങ്ങള്‍ ജനുവരി 13 ന് ബംഗളുരുവില്‍ ആരംഭിക്കും.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മലും ടീമില്‍ ഇടംനേടിയിട്ടുണ്ട്. രോഹന്‍ ടീമിലിടം നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് രോഹന്റെ അച്ഛന്‍ സുശീല്‍ കുന്നുമ്മല്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ‘രോഹന്‍ രണ്ടാം തവണയാണ് രഞ്ജി ടീമില്‍, ആദ്യ തവണ പരുക്കുകള്‍ മൂലം കളിക്കാന്‍ പറ്റിയിരുന്നില്ല. പിന്നീട് കോവിഡ് മൂലം കളി റദ്ദാക്കിയിരുന്നു. പ്രാക്റ്റീസുകള്‍ നന്നായി നടക്കുന്നു. ഈ മാസം ഇരുപത്തിയെട്ടാം തിയതി വയനാട്ടില്‍ പരിശീലനം ആരംഭിക്കും.’ സുശീല്‍ കുന്നുമ്മല്‍ പറഞ്ഞു.

87ാമത് രഞ്ജി ട്രോഫി സീസണാണ് ജനുവരിയില്‍ ആരംഭിക്കുന്നത്. ജനുവരി 13 മുതല്‍ മാര്‍ച്ച് 20 വരെയാണ് മത്സരക്രമം തീരുമാനിച്ചിട്ടുള്ളത്. നവംബറില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് മൂന്ന് മാസം മുന്നോട്ട് നീക്കേണ്ടിവന്നത്.

ആറു ഗ്രൂപ്പുകളിലായിട്ടാണ് സംസ്ഥാന ടീമുകളെ അണിനിരത്തുന്നത്. അഞ്ചു ഗ്രൂപ്പുകളിലായി ആറു ടീമുകള്‍ വീതം ആദ്യ ഘട്ടത്തില്‍ മാറ്റുരയ്ക്കും. അതിനൊപ്പം ആറാം ഗ്രൂപ്പായി പ്ലേറ്റ് ഗ്രൂപ്പില്‍ എട്ട് ടീമുകള്‍ ഏറ്റുമുട്ടും. കേരളം ഗ്രൂപ്പ് ബിയിലാണ് മത്സരിക്കുന്നത്. ഗ്രൂപ്പില്‍ വിദര്‍ഭയും ഹരിയാനയും ബംഗാളുമാണ് കേരളത്തിന് ശക്തരായ എതിരാളികള്‍.

ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ആദ്യം നീങ്ങുന്നത് അഞ്ച് എലൈറ്റ് ഗ്രൂപ്പിലെ ജേതാക്കളാണ്. ഇതിലെ രണ്ടാംസ്ഥാനക്കാരും പ്ലേറ്റ് ഗ്രൂപ്പിലെ ജേതാവും തമ്മിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുക.

സാധ്യതാ ടീം:

സച്ചിന്‍ ബേബി (ക്യാപ്റ്റന്‍)
വിഷ്ണു (വൈസ് ക്യാപ്റ്റന്‍)
ആനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമ്മല്‍, വത്സന്‍ ഗോവിന്ദ്, പി. രാഹുല്‍, സല്‍മാന്‍ നിസാര്‍, സഞ്ജു സാംസണ്‍, ജലജ് സക്‌സേന, സിജോമോന്‍ ജോസഫ്, കെ.സി അക്ഷയ്, എസ്. മിഥുന്‍, എന്‍.പി ബേസില്‍, എം.ഡി നിഥീഷ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എഫ്. ഫനൂസ്, എസ്. ശ്രീശാന്ത്, അക്ഷയ് ചന്ദ്രന്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ആനന്ദ് ജോസഫ്, വിനൂപ് മനോഹരന്‍, എം. അരുണ്‍, വൈശാഖ് ചന്ദ്രന്‍.