യോഗാ ഹാളും ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററും; ചെറുവണ്ണൂര്‍ ഹോമിയോ ഡിസ്‌പെന്‍സറി ഇനി മാതൃകാ ഡിസ്‌പെന്‍സറി


മേപ്പയ്യൂര്‍: കൂടുതല്‍ സൗകര്യങ്ങളോടെ ചെറുവണ്ണൂരിലെ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയെ മാതൃകാ ഹോമിയോ ഡിസ്പന്‍സറായാക്കി ഉയര്‍ത്തി. ഡിസ്പന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററും തുടങ്ങി. ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

സ്ഥാപനത്തില്‍ പുതുതായി നിര്‍മിച്ച യോഗാ ഹാളും ഔഷധസസ്യോദ്യാനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനംചെയ്തു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത, ആയുഷ് മിഷന്‍ ഡി.പി.എം. ഡോ. അനീന, പി. ത്യാഗരാജ്, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത പുരുഷോത്തമന്‍, മെഡിക്കല്‍ ഓഫീസര്‍ സിബി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.