യു. ഡി. എഫിലേക്ക് പോകുന്നത് പാർട്ടിയുടെ ജയസാധ്യതയെ ബാധിക്കും; മുന്നണി വിടുന്നതിൽ ശശീന്ദ്രൻ പക്ഷത്തിന് എതിർപ്പ്
തിരുവനന്തപുരം: പാലാ സീറ്റിന്റെ പേരിൽ മുന്നണി വിട്ട് പോകുന്ന വിഷയത്തിൽ എൻ.സി.പിയിൽ അസ്വാരസ്യം. മുന്നണിമാറ്റം സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പാലാ സീറ്റ് നഷ്ടപ്പെടുമെന്ന് ആരാണ് പറഞ്ഞതെന്നും ഇപ്പോഴത്തെ ചർച്ച അനവസരത്തിലാണെന്നും
ശശീന്ദ്രൻ അറിയിച്ചു. യു.ഡി.എഫിലേക്ക് പോയാൽ നിലവിലെ സീറ്റുകൾ വിജയിക്കുമോ എന്ന് സംശയമുണ്ട്. ഇടത് മുന്നണിയെ ക്ഷീണിപ്പിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്ന് എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.
അതേസമയം സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുകയാണ്. പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയാൽ അതിൽ പ്രതിഷേധിച്ച് മുന്നണി വിട്ട് യു.ഡിഎഫിലെത്തി മത്സരിക്കാനാണ് മാണി സി കാപ്പന്റെ തീരുമാനം. എന്നാൽ പാലാ സീറ്റിനോട് പ്രത്യേകിച്ച് മമതയില്ലാത്ത മന്ത്രി എ.കെ ശശീന്ദ്രനും അദ്ദേഹത്തിന്റെ പക്ഷത്തിനും ഇതിൽ കടുത്ത എതിർപ്പാണ്. നിലവിൽ എൽ.ഡി.എഫിൽ ലഭിച്ച നാല് സീറ്റുകൾ യു.ഡി.എഫിൽ ലഭിക്കുമോ. ഇനി ലഭിച്ചാൽ ശശീന്ദ്രൻ വിജയിച്ച ഏലത്തൂർ ഉൾപ്പടെ സീറ്റുകളിൽ വിജയിക്കാനാകുമോ എന്നതിലും ഈ വിഭാഗത്തിന് ആശങ്കയുണ്ട്.
ജോസ് കെ. മാണി മുന്നണിവിട്ട് പോയപ്പോൾ എൽ.ഡി.എഫിലെ ഒരു ഘടകകക്ഷിയെ യു.ഡി.എഫിലേക്ക് കൊണ്ടുവരാൻ കോൺഗ്രസും ശ്രമിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഇതിനായി സജീവ ചർച്ചയും നടത്തിയിരുന്നു. ഡിസംബർ 25ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്ററും മാണി സി.കാപ്പനും തമ്മിൽ ഇതേകുറിച്ച് ചർച്ച ചെയ്തതായാണ് വിവരം. എന്നാൽ മുന്നണി വിടുമ്പോൾ ഗുണമുണ്ടാകുക മാണി സി കാപ്പന് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി മിക്ക ജില്ലാ ഘടകങ്ങളും മാണി സി. കാപ്പന്റെ തീരുമാനത്തെ എതിർക്കുന്നതായാണ് അറിയുന്നത്. എന്നാൽ മുന്നണി മാറ്റത്തെ കുറിച്ച് ഒരു ആലോചനയുമുണ്ടായിട്ടില്ലെന്നാണ് ടി. പി പീതാംബരൻ മാസ്റ്റർ ഇപ്പോഴും അറിയിച്ചത്.