യു.കെയില്‍ നഴ്‌സിനെയും മക്കളെയും കൊലപ്പെടുത്തിയ കേസ്: പ്രതി കണ്ണൂര്‍ സ്വദേശി സാജുവിന് 40 വര്‍ഷം തടവ്, സാജു ചെയ്തത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമെന്ന് ബ്രിട്ടീഷ് കോടതി
കണ്ണൂര്‍: യു.കെയില്‍ ഭാര്യയെയും രണ്ടു മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സ്വദേശി സാജുവിന് 40 വര്‍ഷം തടവ്. പ്രതി മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന് ബ്രിട്ടീഷ് കോടതി വിധിച്ചു.
ജീവിതാവസാനം വരെ ശിക്ഷ ഉറപ്പാക്കണമെന്നും അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതില്‍ നിന്നും സാജുവിനെ വിലക്കിയതായും നോര്‍താംപ്ടന്‍ ക്രൗണ്‍ കോടതിയുടെ വിധി ന്യായത്തില്‍ പറയുന്നു. കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ കൊമ്പന്‍പാറയാണ് സാജുവിന്റെ സ്വദേശം.
2022 ഡിസംബര്‍ 14നായിരുന്നു കേസിനാസ്പദമായ സംഭവം. യു.കെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ അഞ്ജുവിനെയായിരുന്നു ആദ്യം സാജു കൊലപ്പെടുത്തിയത്. അഞ്ജുവിന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളും എല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നാലു മണിക്കുറിന് ശേഷമാണ് മക്കളായ ജീവ, ജാന്‍വി എന്നിവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഡ്യൂട്ടിയുണ്ടായിട്ടും ജോലി സ്ഥലത്ത് അഞ്ജു എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അഞ്ജുവിനെ അന്വേഷിച്ച് താമസസ്ഥലത്ത് എത്തിയപ്പോഴായിരുന്നു കൊലപാതക വിവരം അറിഞ്ഞത്.
പിന്നീട് പോലീസെത്തി വാതില്‍ പൊളിച്ചാണ് വീടിനകത്തേക്ക് കറിയത്. ഈ സമയം രക്തം വാര്‍ന്ന് മരിച്ചു കിടക്കുകയായിരുന്നു അഞ്ജു. അബോധാവസ്ഥയിലായിരുന്ന മക്കളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബ്രിട്ടനിലെത്തിയ സാജുവിന് ജോലി ഒന്നും ശരിയാവാത്തതിന്റെ നിരാശയുണ്ടായിരുന്നെന്നും അതാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് പോലീസ് കണ്ടെത്തിയത്.
ബ്രിട്ടനിലെ കെറ്ററിങ്ങിലായിരുന്നു ഷാജുവും കുടുംബവും താമസിച്ചിരുന്നത്. സൗദിയിലായിരുന്ന ഇവര്‍ 2021 ഒക്ടോബറിലായിരുന്നു ബ്രിട്ടനിലേക്ക് മാറിതാമസിച്ചത്.