യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി


നാദാപുരം: എളയടത്ത് വോളിബോൾ മത്സരം കണ്ടിറങ്ങിയ യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംഘം സഞ്ചരിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകീട്ടോടെയാണ് വില്യപ്പള്ളിക്കടുത്ത് കാർ കണ്ടെത്തിയത്. പേരാമ്പ്ര പന്തിരിക്കര ചെമ്പുനടക്കണ്ടിയിൽ അജ്‌നാസിനെയാണ് നമ്പർ പ്ലേറ്റില്ലാത്ത കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. വിരലടയാള വിദഗ്ധരും പോലീസും കാർ പരിശോധിച്ചു.

വെള്ളിയാഴ്ച അർധരാത്രിയിലാണ് തട്ടിക്കൊനു പോകൽ നടന്നത്. അജ്‌നാസിനെ മലപ്പുറം ഭാഗത്തേക്ക് കൊണ്ടുപോയെന്നാണ് പോലീസിന് ലഭിച്ച ആദ്യവിവരം. വില്യാപ്പള്ളിയിൽനിന്ന് കസ്റ്റഡിയിലെടുത്ത കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഫിംഗർപ്രിന്റ് എക്സ്‌പേർട്ട് എ.കെ. ജിജീഷ് പ്രസാദ്, എ.എസ്.ഐ. എം.കെ. പ്രബീഷ് എന്നിവരുടെ നേതൃത്വത്തിൽ കാറിൽനിന്ന് വിരലടയാളം ശേഖരിച്ചു. റൂറൽ സയന്റിഫിക് ഉദ്യോഗസ്ഥർ സബീന, ഫാബിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വാഹനം പരിശോധിച്ചു. റൂറൽ എസ്.പി. ഡോ.എ. ശ്രീനിവാസ് നാദാപുരത്തെത്തി.

അജ്നാസ് നേരത്തേ വിദേശത്തായിരുന്നു. സ്വർണമിടപാടാണ് തട്ടിക്കൊണ്ടു പോകാനിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ആഴ്ച നാദാപുരത്തു നിന്ന് വ്യവസായിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന്റ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഈ സംഭവം.