യുപിഐ ഇടപാട് പരാജയപ്പെട്ട് പണം പോയി എന്ന് തോന്നുന്നുണ്ടോ? പേടിക്കണ്ട, ഇങ്ങനെ ചെയ്താല്‍ മതി


യുപിഐ, ഐഎംപിഎസ് ഉപയോഗിച്ചുള്ള പണം കൈമാറ്റം പരാജയപ്പെട്ടാല്‍ വിഷമിക്കേണ്ടതില്ല, പണം ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ ലഭിക്കും. ഇങ്ങനെ ലഭിച്ചില്ലെങ്കില്‍, എളുപ്പത്തില്‍ പണം തിരികെ ലഭിക്കാന്‍ കഴിയുന്ന രീതികളാണ് ഇനി പറയുന്നത്.

നെഫ്റ്റ്, ആര്‍ടിജിഎസ്, യുപിഐ എന്നിവ വഴിയുള്ള ഇടപാട് പരാജയപ്പെട്ടാല്‍ എത്ര ദിവസത്തിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം തിരികെ ലഭിക്കുമെന്ന് അറിയാമോ? 2019 സെപ്തംബര്‍ 19 ന് റിസര്‍വ് ബാങ്ക് ഈ വിഷയത്തില്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച്, നിശ്ചിത സമയത്തിനുള്ളില്‍ ഒരു ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം തിരികെ നല്‍കിയില്ലെങ്കില്‍, ബാങ്കിന് പ്രതിദിനം 100 രൂപ പിഴ അടയ്ക്കേണ്ടി വരും.

ആര്‍ബിഐയുടെ ചട്ടം ഇതാണ് പറയുന്നത്

ആര്‍ബിഐ പറയുന്നതനുസരിച്ച്, ഐഎംപിഎസ് ഇടപാട് പരാജയപ്പെടുകയാണെങ്കില്‍, ഇടപാട് നടന്ന് ഒരു ദിവസത്തിനകം തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് സ്വയമേവ റീഫണ്ട് ചെയ്യണം. ഇതിനര്‍ത്ഥം ഇന്ന് ഒരു ഇടപാട് പരാജയപ്പെടുകയാണെങ്കില്‍, അടുത്ത പ്രവൃത്തി ദിവസം തുക അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റ് ചെയ്യണം എന്നു തന്നെയാണ്. ബാങ്ക് ഇത് ചെയ്തില്ലെങ്കില്‍, ഉപഭോക്താവിന് പ്രതിദിനം 100 രൂപ പിഴ നല്‍കേണ്ടി വരും.

യുപിഐ-യുടെ കാര്യത്തില്‍, ഇടപാട് നടന്ന ദിവസം ഉപഭോക്താവിന്റെ അക്കൗണ്ടില്‍ സ്വയമേവ റിവേഴ്സല്‍ ഉണ്ടായിരിക്കണം. ഇത് സംഭവിച്ചില്ലെങ്കില്‍, ബാങ്കിന് പ്രതിദിനം 100 രൂപ പിഴ അടയ്ക്കേണ്ടി വരും.

പണം ലഭിച്ചില്ലെങ്കില്‍ ഇവിടെ പരാതിപ്പെടുക

നിങ്ങളുടെ ഇടപാട് പരാജയപ്പെടുകയാണെങ്കില്‍, വിഷയം പരിഹരിക്കാന്‍ നിങ്ങളുടെ സേവന ദാതാവ് നിശ്ചയിച്ച സമയപരിധി വരെ കാത്തിരിക്കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ ബാങ്ക് അങ്ങനെ ചെയ്തില്ലെങ്കില്‍, സിസ്റ്റം ദാതാവിനോടോ സിസ്റ്റം പങ്കാളിക്കോ പരാതി നല്‍കേണ്ടിവരും. ഒരു മാസത്തിനകം പ്രശ്‌നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ആര്‍ബിഐയുടെ ഓംബുഡ്‌സ്മാനെ സമീപിക്കാം. അതാതു പ്രദേശത്തെ ഓംബുഡ്‌സ്മാനുമായി ബന്ധപ്പെട്ട് പരാതി രജിസ്റ്റര്‍ ചെയ്യാനാവും.