യുഡിഎഫ് കോട്ടകളിൽ മേൽക്കൈ നേടി കാനത്തിൽ ജമീല


കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിലെ എല്ലാ തദ്ദേശഭര പരിധിയിയിലും വലിയ മുന്നേറ്റമാണ് എൽഡിഎഫ് സ്ഥാനാർത്ഥി നടത്തിയത്. മൂന്ന് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും വ്യക്തമായ ഭൂരിപക്ഷം നേടി കൊണ്ടാണ് എൽഡിഎഫിന്റെ വിജയം. ചെങ്ങോട്ടു കാവ്, ചേമഞ്ചേരി, മൂടാടി പഞ്ചായത്തുകളിലും കൊയിലാണ്ടി, പയ്യോളി നഗരസഭകളിലും കാനത്തിൽ ജമീല മേൽക്കൈ നേടി.

തിക്കോടി പഞ്ചായത്തിൽ മാത്രമാണ് യുഡിഎഫിന് നേരിയ ലീഡ് ഉയർത്താൻ സാധിച്ചത്. ഇവിടെ 76 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യം നേടിയത്. പയ്യോളി, തിക്കോടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി, കൊയിലാണ്ടി തീരദേശങ്ങളിൽ ലീഡ് നേടിക്കൊണ്ട് മണ്ഡലം പിടിക്കാമെന്നായിരുന്നു യു.ഡി.എഫ് കണക്കു കൂട്ടൽ.

തദ്ദേശ സ്വയം ഭരണ തെരഞ്ഞടുപ്പിലുണ്ടായ ഇടത് തരംഗത്തിൽ പോലും പയ്യോളി നഗരസഭയിൽ ഭരണം കയ്യാളാൻ യു.ഡി.എഫിന് സാധിച്ചിരുന്നു. നഗരസഭാ തെരഞ്ഞെടുപ്പിൽ രണ്ടായിരം വോട്ടിനടുത്ത് ഭൂരിപക്ഷം പയ്യോളി നഗരസഭയിൽ യു.ഡി.എഫ് നേടിയിരുന്നു. എന്നാലിപ്പോൾ എൽ.ഡി.എഫ് 1017 ന്റെ വോട്ടിന്റെ ലീഡാണ് പയ്യോളിയിൽ നേടിയെടുത്തത്.

കൊയിലാണ്ടി നഗരസഭയിലും വലിയ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് നേടിയത്. 3913 അധിക വോട്ടുകൾ എൽ.ഡി.എഫ് നേടി. മൂടാടി പഞ്ചായത്തിൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചതിന്റെ ഇരട്ടിയോളം വോട്ട് എൽ ഡി.എഫ് നേടി. 1100 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ ലഭിച്ചത്. ചെങ്ങോട്ടുകാവ് 221 വോട്ടിന്റെ ലീഡാണ് പഞ്ചായത്ത് ഇലക്ഷനിൽ എൽ.ഡി.എഫിന് ലഭിച്ചത്. അത് 439 ആയി വർദ്ധിച്ചു. പഞ്ചായത്ത് ഇലക്ഷനിൽ ചേമഞ്ചേരിയിൽ നേടിയ798 ന്റെ ഭൂരിപക്ഷം 1196 ആയി വർദ്ധിച്ചു.

തപാൽ വോട്ടിൽ യു.ഡി.എഫിന് 1349 വോട്ട് ലഭിച്ചപ്പോൾ 2222 വോട്ടാണ് എൽ.ഡി.എഫ് നേടിയത്. 873 വോട്ടുകളാണ് എൽ.ഡി.എഫ് അധികമായി നേടിയത്. കൊയിലാണ്ടി മണ്ഡലത്തിൽ എല്ലായിടങ്ങളിലും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ 14.75 ശതമാനം വോട്ട് നേടിയ ബി.ജെ.പി 10.83 ശതമാനം വോട്ട് മാത്രമാണ് നേടിയത്.

ശക്തി കേന്ദ്രങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ട സ്ഥലങ്ങളിൽ പോലും വോട്ട് കുറഞ്ഞത് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആരോപിക്കപ്പെട്ട യു.ഡി.എഫ് -ബിജെപി ബന്ധത്തെ സാധൂകരിക്കുന്നതായി പറയപ്പെടുന്നു. അണികൾക്കിടയിൽ ഇതുമായി ബന്ധപ്പെട്ട അസംതൃപ്തി പുകയുന്നുണ്ട്. വരും ദിനങ്ങളിൽ സംഘടനയ്ക്കുള്ളിൽ ഇതിന്റെ അലകൾ ഉയരാൻ സാധ്യതയുണ്ട്.