യുഎ ഖാദര്‍ അന്തരിച്ചു; കൊയിലാണ്ടിയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ പ്രതിഭ


കൊയിലാണ്ടി: ബര്‍മ്മയില്‍ ജനിച്ച് കൊയിലാണ്ടിയില്‍ വളര്‍ന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ യു.എ ഖാദര്‍ അന്തരിച്ചു. വൈകീട്ട് അഞ്ച് അന്‍പതോടെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രാദേശിക വഴികളിലൂടെ നടന്ന് ഉത്തര മലബാറിന്റെ കഥ വായനക്കാരന് പറഞ്ഞ് കൊടുത്ത എഴുത്തുകാരന്‍. കഴിഞ്ഞ കുറച്ച് മാസമായി അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. എണ്‍പത്തി അഞ്ചാം വയസ്സിലാണ് മരണം.

1935ല്‍ പഴയ ബര്‍മ്മയിലെ റംഗൂണിനു സമീപം മോണ്‍ സംസ്ഥാനത്ത് മൊയ്തീന്‍ കുട്ടി ഹാജി, മാമെദി ദമ്പതികള്‍ക്ക് ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് യു എ ഖാദര്‍ ജനിച്ചത്. മാതാവ് ബര്‍മ്മക്കാരിയും പിതാവ് കേരളീയനുമാണ്.

പിന്നാലെ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച വേളയില്‍ ഖാദറും കുടുംബവും ബര്‍മയിലെ വാസസ്ഥലത്തുനിന്ന് മറ്റു സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്ത് തുടങ്ങി. ഏഴാം വയസ്സില്‍ യു എ ഖാദര്‍ അച്ഛനോടൊപ്പം കേരളത്തിലെത്തി. പിതാവിന്റെ ജന്മനാടായ കൊയിലാണ്ടിയില്‍ വരുകയും മലയാളിയായി വളരുകയും ചെയ്തു.

കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം മദ്രാസ് കോളെജ് ഓഫ് ആര്‍ട്ട്‌സില്‍ നിന്ന് ചിത്രകലയില്‍ ബിരുദം നേടി.
ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും ജോലി ചെയ്ത ഖാദര്‍ 1990-ലാണ് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്.

നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കര്‍ത്താവായ ഖാദറിന്റെ ‘തൃക്കോട്ടൂര്‍ പെരുമ’ മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. ഖാദറിന്റെ ഈ രചനയോടെ തൃക്കോട്ടൂര്‍ ഐതിഹ്യത്തിന്റെ നാടായി മലയാളിയുടെ ബോധത്തില്‍ സ്ഥിരപ്രതിഷ്ഠനേടി. തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകള്‍ എന്നിവയാണ് പ്രധാനരചനകള്‍.

ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.

‘തൃക്കോട്ടൂര്‍ പെരുമ’യ്ക്ക് 1983ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും തൃക്കോട്ടൂര്‍ നോവലുകള്‍ക്ക് 2009ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, മാതൃഭൂമി സാഹിത്യ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും യു.എ. ഖാദറിനെത്തേടിയെത്തി.