യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു; കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡിന്റ പ്രവൃത്തി പുനരാരംഭിച്ചു


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡിന്റ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ജനങ്ങളുടെ പരാതിക്ക് പരിഹാരമാകുന്നു. റോഡിന്റെ പ്രവൃത്തി പുനരാരംഭിച്ചു. 7 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലാണ് റോഡ് നിര്‍മ്മാണം നടത്തുന്നത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ജൂലൈ 20ന് സ്ഥലം സന്ദര്‍ശിച്ചിരുന്നു. റോഡ് പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അന്ന് ഉറപ്പ് നല്‍കിയിരുന്നു. സച്ചിന്‍ ദേവ് എംഎല്‍എയും വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രവൃത്തി തുടങ്ങാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിരുന്നെങ്കിലും ശക്തമായ മഴയെ തുടര്‍ന്ന് പ്രവൃത്തി നീണ്ട് പോവുകയായിരുന്നു. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് ഇപ്പോള്‍ പ്രവൃത്തി പുനരാരംഭിച്ചത്.

കൂരാച്ചുണ്ട് പഞ്ചായത്തിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കൂരാച്ചുണ്ട് – ബാലുശ്ശേരി – കോഴിക്കോട് റോഡ്. എന്നാല്‍ കൂരാച്ചുണ്ടില്‍ നിന്നും കൂട്ടാലിട വരെയുള്ള റോഡിലൂടെ കാല്‍ നട പോലും ദുഷ്‌ക്കരമായ അവസ്ഥയായിരുന്നു. റോഡ് പണി യഥാസമയം പൂര്‍ത്തികരിക്കാത്തതാണ് യാത്രക്കാരെ ബുന്ധിമുട്ടിലാക്കിയത്. റോഡ് പൊട്ടിപ്പൊളിഞ്ഞതിനാല്‍ ഇതുവഴി വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡിലെ ചീളുകല്ലുകള്‍ തെറിച്ച് പരിക്കേല്‍ക്കാനും സാധ്യതയുള്ള അവസ്ഥയിലായിരുന്നു റോഡ്.

ബാലുശ്ശേരി എം.എല്‍.എ ആയിരുന്ന പുരുഷന്‍ കടലുണ്ടിയുടെ സമയത്താണ് കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡിന്റെ പണി ആരംഭിച്ചത്. 2019 സെപ്റ്റംബര്‍ മാസം അഞ്ചാം തിയ്യതി പൊതുമരാമത്ത് 7 മാസത്തെ സമയം നല്‍കി 6 കി.മീ ദൂരത്തിന് 7 കോടി രൂപ അനുവദിച്ച് തുടങ്ങിയ റോഡ് പണിയാണ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാതെ കിടന്നത്. കോണ്‍ട്രാക്ടറുടെ പിടിപ്പുകേടാണ് റോഡ് പണി ഇഴഞ്ഞു നീങ്ങാന്‍ കാരണമെന്ന് അരോപണമുയര്‍ന്നിരുന്നു. റോഡിന്റെ പണി പുനരാരംഭിച്ചതോടെ യാത്രക്ലേശത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.