യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വിശന്ന് ബുദ്ധിമുട്ടേണ്ട; ഭക്ഷണം വാഹനത്തില്‍ നല്‍കാന്‍ ‘ഇന്‍-കാര്‍ ഡൈനിങ്’ പദ്ധതി
തിരുവനന്തപുരം: കെടിഡിസി റസ്റ്റോറന്റുകളിലെ ഭക്ഷണം വാഹനങ്ങളില്‍ തന്നെ നല്‍കുന്ന പദ്ധതിക്ക് ഉടന്‍ തുടക്കമാകുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ലോക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായെങ്കിലും യാത്ര ചെയ്യുന്നവര്‍ക്ക് പഴയതുപോലെ വഴിയില്‍നിന്ന് സുരക്ഷിതമായി ഭക്ഷണം കഴിക്കാന്‍ കഴിയുന്ന സ്ഥിതി വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കെടിഡിസി ആഹാര്‍ റസ്റ്റോറന്റുകളിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പദ്ധതി ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.
കെടിഡിസി ഹോട്ടലുകളിലേക്ക് ചെന്നാല്‍ സ്വന്തം വാഹനത്തില്‍ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിക്കാനും സൗകര്യം ഒരുക്കുന്നതാണ് ‘ഇന്‍-കാര്‍ ഡൈനിങ്’ എന്ന പേരിലുള്ള പദ്ധതി. ഇതിലൂടെ കേരളത്തിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഗുണനിലവാരവും രുചികരവുമായ ഭക്ഷണം ലഭ്യമാക്കും. പ്രാതലും ഉച്ചഭക്ഷണവും അത്താഴവും ഇത്തരത്തില്‍ തയ്യാറാക്കി നല്‍കും.